രക്ഷാപ്രവർത്തനങ്ങളിൽ ദൗത്യസംഘത്തെ സഹായിക്കാൻ ഒപ്പമുണ്ട് മായയും മർഫിയും ഏയ്ഞ്ചലും

വയനാട്ടിലെയും മലപ്പുറത്തെയും രക്ഷാപ്രവർത്തനങ്ങളിൽ ദൗത്യസംഘത്തെ സഹായിക്കാൻ ഒപ്പമുണ്ട് പൊലീസ് നായ്ക്കളായ മായയും മർഫിയും ഏയ്ഞ്ചലും. തിരച്ചിലിനെത്തിയ ആദ്യ ദിവസം തന്നെ 15ലധികം മൃതശരീരങ്ങൾ കണ്ടെത്തുന്നതിൽ പൊലീസിനെ സഹായിക്കാൻ ഈ നായ്ക്കൾക്ക് കഴിഞ്ഞിട്ടുണ്ട്. തൃശ്ശൂരിലെ കേരള പൊലീസ് അക്കാദമിയിൽ നിന്ന് വിദഗ്ദ്ധ പരിശീലനം നേടിയ ശേഷം 2020ലാണ് ഇവ കേരള പൊലീസിൻറെ ഭാഗമായത്.

പരിശീലനത്തിനുശേഷം മർഫിയും മായയും കൊച്ചി സിറ്റി പൊലീസിലും എയ്ഞ്ചൽ ഇടുക്കിയിലും നിയമിതരായി. ചൂരൽമല, മുണ്ടക്കൈ മുതലായ ദുരന്തബാധിത പ്രദേശങ്ങളിൽ മൃതദേഹങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനയിലാണ് മർഫിയും മായയും. മലപ്പുറം ജില്ലയിലെ ദുരന്തബാധിത മേഖലയിലാണ് എയ്ഞ്ചലിൻറെ സേവനം. 12 അടി താഴ്‌ചയിലുള്ള മൃതദേഹംപോലും ഇവയ്ക്ക് മണംപിടിച്ച് കണ്ടെത്താനാകും. പി പ്രഭാത്, കെ എം മനേഷ്, കെ എസ് ജോർജ് മാനുവൽ, ജിജോ റ്റി ജോൺ, ടി അഖിൽ എന്നിവരാണ് മൂവരുടെയും ഹാൻഡ്ലർമാർ.

