KOYILANDY DIARY.COM

The Perfect News Portal

റോഡപകടങ്ങൾ കുറയ്ക്കാൻ മാസ്റ്റർ പ്ലാൻ; സംസ്ഥാനത്തെ ജങ്ഷനുകൾ ആധുനിക രീതിയിൽ നവീകരിക്കുന്നു

.

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡപകടങ്ങൾ ഗണ്യമായി കുറയ്ക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി ജങ്ഷനുകൾ ആധുനിക രീതിയിൽ നവീകരിക്കുന്നു. ആദ്യഘട്ടത്തിൽ കൂടുതൽ തിരക്കുള്ള പ്രധാന ജങ്ഷനുകളിലാണ് ശാസ്ത്രീയമായ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.

 

ഇതിനായി കിഫ്ബി വഴി ഫണ്ട് അനുവദിച്ചുകൊണ്ട് പൊതുമരാമത്ത് വകുപ്പ് മാസ്റ്റർ പ്ലാൻ തയ്യാറാക്കി. അപകടങ്ങൾ പതിവായ ‘ബ്ലാക്ക് സ്പോട്ടുകൾ’ കേന്ദ്രീകരിച്ചാണ് നവീകരണം. നിലവിലുള്ള ജങ്ഷനുകളിലെ അശാസ്ത്രീയമായ ഘടന മാറ്റുകയും സിഗ്നൽ സംവിധാനങ്ങൾ ആധുനികവൽക്കരിക്കുകയും ചെയ്യും. കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കുന്നതിന് സീബ്രാ ലൈനുകൾ, ട്രാഫിക് ഐലന്റുകൾ, ഫുട്പാത്തുകൾ എന്നിവ മികച്ച രീതിയിൽ സജ്ജീകരിക്കും. കൂടാതെ, രാത്രികാലങ്ങളിൽ വ്യക്തമായ കാഴ്ച ഉറപ്പാക്കാൻ സോളാർ ലൈറ്റുകളും സ്ഥാപിക്കും.

Advertisements

 

റോഡ് സുരക്ഷാ അതോറിറ്റിയുടെ നിർദ്ദേശപ്രകാരം ട്രാഫിക് എൻജിനീയറിങ് വിദഗ്ധരുടെ സഹായത്തോടെയാണ് ഓരോ ജങ്ഷനും അനുയോജ്യമായ രൂപരേഖ തയ്യാറാക്കുന്നത്. വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിനുള്ള ബോർഡുകളും വരി തെറ്റിച്ചുള്ള ഡ്രൈവിംഗ് തടയാൻ ക്യാമറ സംവിധാനങ്ങളും ഇതോടൊപ്പം ഏർപ്പെടുത്തും. പദ്ധതി പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Share news