KOYILANDY DIARY

The Perfect News Portal

തെങ്ങുവീണ് ഗുരുതരമായി പരിക്കേറ്റയാള്‍ താമരശ്ശേരി ചുരത്തിൽ കുടുങ്ങി മരിച്ചു

തെങ്ങുവീണ് ഗുരുതരമായി പരിക്കേറ്റയാള്‍ ആംബുലന്‍സിൽ കൊണ്ടുപോകവെ താമരശ്ശേരി ചുരത്തിൽ കുടുങ്ങി വൈദ്യസഹായം കിട്ടാതെ മരിച്ചു. തെങ്ങ് മുറിക്കുന്നതിനിടെ ഉണ്ടായ അപകടത്തിലാണ് ഇയാൾക്ക് പരിക്കേറ്റത്. എരിയപ്പള്ളി നെല്ലിമണ്ണില്‍ രാജന്‍ (52) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെ വീടിനു സമീപത്ത് ഉണങ്ങിനിന്ന തെങ്ങ് വെട്ടി മാറ്റുന്നതിനിടെയായിരുന്നു അപകടം.

പരിക്കേറ്റ രാജനെ കല്‍പ്പറ്റയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍കോളേജിലേക്ക് വിദഗ്ധചികിത്സയ്ക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. എന്നാല്‍, ആംബുലന്‍സ് ചുരത്തിലെ ഗതാഗതക്കുരുക്കില്‍ അകപ്പെടുകയായിരുന്നു.

ഏറെനേരം ശ്രമിച്ചെങ്കിലും ഗതാഗതക്കുരുക്ക് മറികടന്ന് ആംബുലന്‍സിന് പോകാനായില്ലെന്നും ഗതാഗത നിയന്ത്രണത്തിനായി പോലീസ് സ്ഥലത്തുണ്ടായിരുന്നില്ലെന്നും രാജൻ്റെ ബന്ധുക്കള്‍ പറഞ്ഞു. തിരികെ വൈത്തിരിയിലെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും രാജന്‍ മരിച്ചിരുന്നു.

Advertisements

പുതുവർഷ ആഘോഷത്തിൻ്റെ ഭാഗമായി ഇന്നലെ ചുരത്തിൽ വൻ ഗതാഗത കുരുക്കാണുണ്ടായത്. എഴാംവളവിനടുത്ത് വീതി കുറഞ്ഞ ഭാഗത്ത്  യന്ത്രത്തകരാര്‍ മൂലം കാർ നടുറോഡില്‍ കുടുങ്ങി മണിക്കൂറുകളാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. ഉച്ചയ്ക്ക് മൂന്നിന് റോഡില്‍ കുടുങ്ങിയ കാര്‍ വൈകുന്നേരം ഏഴ് മണിയോടെയാണ് റോഡരികിലേയ്ക്ക് മാറ്റാനായത്. അത് വരെ ഒറ്റവരിയായി വാഹനങ്ങള്‍ കടത്തി വിടുകയായിരുന്നു.