KOYILANDY DIARY.COM

The Perfect News Portal

തമിഴ്‌നാട്ടിൽ പടക്ക നിർമാണ യൂണിറ്റിൽ വൻ സ്ഫോടനം; 6 മരണം

ചെന്നെ: തമിഴ്‌നാട്ടിൽ പടക്ക നിർമാണ യൂണിറ്റിൽ വൻ സ്ഫോടനം. ശനിയാഴ്‌ചയുണ്ടായ സ്ഫോടനത്തിൽ ആറ്‌ തൊഴിലാളികൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാസവസ്തുക്കൾ കലർത്തുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായതെന്നാണ്‌ പൊലീസിന്റെ പ്രാഥമിക നിഗമനം. സ്‌ഫോടനത്തിൽ യൂണിറ്റിലെ നാല് മുറികൾ തകർന്നതായി അധികൃതർ പറഞ്ഞു.

പൊലീസും അഗ്നിരക്ഷാസേനയുംസംഭവ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊട്ടിത്തെറിയുടെ കാരണവും നാശനഷ്ടത്തിൻ്റെ വ്യാപ്തിയും പരിശോധിച്ച് വരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മരണസംഖ്യ ഉയരാൻ സാധ്യതയുള്ളതായി ഉദ്യോഗസ്ഥർ അറിയിച്ചു. അപകടത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

 

കഴിഞ്ഞ വർഷം വിരുദുനഗറിൽ പടക്ക ഫാക്ടറികളിൽ 17 അപകടങ്ങളാണ്‌ ഉണ്ടായിട്ടുള്ളത്‌. അപകടങ്ങളിൽ 54 പേരെങ്കിലും മരിച്ചിട്ടുണ്ട്‌. സെപ്റ്റംബറിൽ സ്റ്റാലിൻ പ്രദേശം സന്ദർശിക്കുകയും ഇത്തരം അപകടങ്ങൾ തടയാൻ സുരക്ഷാ നടപടികൾ സ്വീകരിക്കാൻ പടക്ക ഫാക്ടറി ഉടമകളോട് ആവശ്യപ്പെടുകയും ചെയ്തു. വിരുദുനഗറിലെ 1,150 പടക്ക ഫാക്ടറികളിലായി ഏകദേശം നാല് ലക്ഷത്തോളം തൊഴിലാളികൾ ജോലി ചെയ്യുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ പടക്ക ഉൽപ്പാദനത്തിന്റെ 70 ശതമാനവും ശിവകാശിയിൽ മാത്രമാണ്.

Advertisements

 

 

 

Share news