രാജ്യത്ത് വൻ ലഹരി വേട്ട; 2,500 കോടിയുടെ മയക്കുമരുന്ന് പിടികൂടി
രാജ്യത്ത് വൻ ലഹരി വേട്ട. ഡൽഹിയിലും പൂനെയിലുമായി 2,500 കോടിയുടെ മയക്കുമരുന്ന് പിടികൂടി. 1100 കിലോഗ്രാം മെഫെഡ്രോൺ ആണ് പിടിച്ചെടുത്തത്. രണ്ട് ദിവസങ്ങളിലായിരുന്നു പൊലീസ് പരിശോധന. 5 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സിന്തറ്റിക് ഉത്തേജക മരുന്നായ മെഫെഡ്രോൺ ആണ് പിടികൂടിയത്. നേരത്തെ പൂനെയിൽ നിന്ന് 700 കിലോഗ്രാം മെഫെഡ്രോൺ പൊലീസ് പിടിച്ചെടുത്തിരുന്നു. ഇതോടൊപ്പം മൂന്ന് മയക്കുമരുന്ന് കടത്തുകാരും പിടിയിലായി. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഓപ്പറേഷൻ ആരംഭിച്ചത്.
ഡൽഹിയിലെ ഹൗസ് ഖാസ് പ്രദേശത്തെ ഗോഡൗണുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. റെയ്ഡിൽ 400 കിലോ സിന്തറ്റിക് ഉത്തേജകവസ്തു പിടിച്ചെടുത്തു. കസ്റ്റഡിയിലുള്ള ബാക്കി രണ്ട് പേരെ ചോദ്യം ചെയ്തുവരികയാണ്. പൂനെയിലെ സംഭരണ ശാലകളിൽ നിന്നും ഡൽഹിയിലെ ഗോഡൗണുകളിൽ എത്തിച്ചായിരുന്നു ലഹരി വിൽപ്പനയെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. പിടിയിലായ മൂന്ന് പേർ കൊറിയർ ജീവനക്കാരാണ്. പുനെയിലെ ലഹരി മാഫിയാ തലവൻ ലളിത് പാട്ടീലിന് കേസുമായുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്.