KOYILANDY DIARY.COM

The Perfect News Portal

കളമശേരിയിലെ ബോംബ് സ്ഫോടനത്തിൻെറ പശ്ചാത്തലത്തിൽ കീഴടങ്ങിയ ആൾ കൊച്ചി സ്വദേശി മാർട്ടിൻ

കളമശേരിയിലെ ബോംബ് സ്ഫോടനത്തിൻെറ പശ്ചാത്തലത്തിൽ പോലീസിൽ കീഴടങ്ങിയ ആൾ കൊച്ചി സ്വദേശിയായ 48 വയസ്സുകാരൻ മാർട്ടിൻ. ഇയാളെ കൊടകര പൊലീസ് സ്റ്റേഷനിൽ നിന്ന് രഹസ്യ സങ്കേതത്തിലേക്ക് മാറ്റിയിരിക്കുകയാണ് പൊലീസ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രഹസ്യമായി ചോദ്യംചെയ്യാനാണ് നീക്കം.

ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംസ്ഥാന വ്യാപകമായി പരിശോധന നടത്തുകയാണ് പൊലീസ്. കണ്ണൂരിലും ഒരാളെ സംശയത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. റയിൽവേ സ്റ്റേഷനിലെ സുരക്ഷാ പരിശോധനക്കിടെയാണ് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തത്.

കളമശേരിയിലെ സ്ഫോടന അന്വേഷണത്തിന് ആക്ഷൻ പ്ലാൻ തയ്യാറാക്കുകയാണ് പൊലീസ്. സ്റ്റേഷനുകളുടെ അതിർത്തി അടച്ചുള്ള പരിശോധനയ്ക്ക് പൊലീസ് മേധാവി നിർദേശം നല്‌‍കി. ജില്ല അതിർത്തികളും അടച്ച് പരിശോധന നടത്തും. സംസ്ഥാന അതിർത്തികളിൽ കൂടുതൽ സേന വിന്യാസം. മുഴുവൻ പോലീസ് സംവിധാനങ്ങളോടും ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകി. മൊഴികളുടെ അടിസ്ഥാനത്തിൽ രേഖാ ചിത്രം തയ്യാറാക്കും. പോലീസ് മേധാവി ഹെലികോപ്റ്ററിൽ കളമശേരിയിൽ എത്തി.

Advertisements

രണ്ടായിരത്തിലധികം പേർ പങ്കെടുത്ത പരിപാടിക്കിടെയാണ് സ്‌ഫോടനമുണ്ടായത്. പ്രാർത്ഥന നടക്കുന്ന സമയത്ത് കൻവെൻഷൻ സെന്ററിനകത്ത് നാലിടങ്ങളിലായാണ് പൊട്ടിത്തെറിയുണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. മൂന്ന് ദിവസത്തെ പ്രാർത്ഥനാ കൻവെൻഷൻ ഇന്ന് അവസാനിക്കാനിരിക്കെയാണ് സ്‌ഫോടനം.

സംഭവത്തിൽ മരിച്ചത് ലിബിന എന്ന സ്ത്രീയാണ്. പൊട്ടിത്തെറിയിൽ 35 പേർക്ക് പരുക്കേറ്റെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. 35 പേരെയും കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ ഏഴ് പേർ ഐസിയുവിലാണ്. ഗുരുതമായി പൊള്ളലേറ്റവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നുണ്ട്.

Share news