‘മാർക്കോ’ സിനിമ ടിവിയിൽ പ്രദർശിപ്പിക്കില്ല; അനുമതി നിഷേധിച്ചു

തിരുവനന്തപുരം: ഉണ്ണിമുകുന്ദൻ നായകനായ ‘മാർക്കോ’ സിനിമ ടിവി ചാനലുകളിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിച്ചു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷൻ (സിബിഎഫ്സി) ആണ് പ്രദര്‍ശനാനുമതി നിഷേധിച്ചത്. യു അല്ലെങ്കിൽ യു/ എ കാറ്റഗറിയിലേക്ക് മാറ്റാൻ പറ്റാത്ത അത്ര വയലൻസ് സിനിമയിൽ ഉണ്ടെന്നായിരുന്നു വിലയിരുത്തൽ.

ക്യൂബ്സ് എന്റർടെയ്ൻമെന്റസിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ വര്‍ഷത്തെ മലയാള സിനിമയില്‍ നിന്നുള്ള വലിയ വിജയം നേടി. മലയാളത്തിന് പുറമെ ഹിന്ദിയിലും തെലുങ്കിലും തമിഴിലും ഗംഭീര വരവേൽപ്പാണ് ചിത്രത്തിന് ലഭിച്ചിരുന്നത്.

ജനുവരി 31 മുതൽ ‘മാർക്കോ’ കന്നഡയിലും റിലീസിനെത്തിയിട്ടുണ്ട്. തെലുങ്കിൽ ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷൻ സ്വന്തമാക്കിയ മാർക്കോയ്ക്ക് 1.75 കോടി ഗ്രോസ് കളക്ഷനാണ് തെലുങ്കിൽ ആദ്യ ദിനം നേടാനായത്. ജനുവരി ഒന്നിനാണ് തെലുങ്കിൽ 300 തിയേറ്ററുകളിലായി ചിത്രം റിലീസ് ചെയ്തിരുന്നത്.

