KOYILANDY DIARY

The Perfect News Portal

മാവോയിസ്‌റ്റുകൾ വെച്ചത്‌ ഉഗ്രശേഷിയുള്ള കുഴിബോംബുകൾ; 2 ബോംബും നിർവീര്യമാക്കി

കൽപ്പറ്റ: തണ്ടർബോൾട്ട്‌ സേനയെ ലക്ഷ്യമിട്ട്‌ വയനാട്‌ തലപ്പുഴ മക്കിമലയിൽ മാവോയിസ്‌റ്റുകൾവെച്ചത്‌ രണ്ടു കുഴിബോംബ്‌. 2 ബോംബും നിർവീര്യമാക്കി. വൈദ്യുതി പ്രവാഹമുണ്ടായാൽ ഉടൻ സ്‌ഫോടനമുണ്ടാകുംവിധമായിരുന്നു സംവിധാനം. ഇതിനായി മരത്തിന്റെ ചുവട്ടിലേക്ക്‌ കേബിൾ വലിച്ച്‌ ബാറ്ററി കണക്ട്‌ ചെയ്യാൻ സൗകര്യമൊരുക്കിയിരുന്നു.

Advertisements

ഉഗ്രസ്‌ഫോടന ശേഷിയുള്ള ഇംപ്രവൈസ്‌ഡ്‌ എക്സ്‌പ്ലോസീവ്‌ ഡിവൈസ്‌ (ഐഇഡി) ഉപയോഗിച്ച്‌ നിർമിച്ച ബോംബുകൾ ബോംബ്‌ സ്‌ക്വാഡ്‌ നിയന്ത്രിത സ്‌ഫോടനങ്ങളിലൂടെ നിർവീര്യമാക്കി. ചൊവ്വാഴ്ച വൈകിട്ട്‌ മക്കിമലയിൽനിന്ന് ഒന്നര കിലോമീറ്റർ അകലെ കൊടക്കാട് വനമേഖലാ അതിർത്തിയിലാണ്‌ ബോംബുകൾ കണ്ടെത്തിയത്‌. മാവോയിസ്‌റ്റ്‌ പരിശോധനകൾക്കായി തണ്ടർബോൾട്ട്‌ സേന പതിവായി സഞ്ചരിക്കുന്ന പാതയാണിത്‌.

 

രണ്ടുദിവസം മുമ്പും തണ്ടർബോൾട്ട്‌ ഈ മേഖലയിൽ പരിശോധനക്കെത്തിയിരുന്നു. എന്നാൽ പാതമാറി സഞ്ചരിച്ചതിനാലാവാം സ്‌ഫോടനം ഒഴിവായതെന്നാണ്‌ പൊലീസ്‌ നിഗമനം. ജലാറ്റിൻ സ്‌റ്റിക്കുകൾ, ഡിറ്റണറേറ്റുകൾ, വയറുകൾ തുടങ്ങിയവയും ഇവിടെനിന്നും കണ്ടെടുത്തിട്ടുണ്ട്‌. നിർവീര്യമാക്കിയ ബോംബുകളുടെ അവശിഷ്ടം ഫോറൻസിക്‌ പരിശോധനയ്‌ക്ക്‌ അയയ്‌ക്കുമെന്ന്‌ അന്വേഷകസംഘം അറിയിച്ചു.

Advertisements

 

പിന്നിൽ പ്രതികാര നീക്കം
മാവോയിസ്‌റ്റുകൾക്ക്‌ വയനാട്ടിൽ വലിയ തിരിച്ചടി നേരിട്ടതിന്‌ പ്രതികാരമായി ബോംബ്‌ സ്‌ഫോടനം നടത്തി തണ്ടർബോൾട്ട്‌ സേനാംഗങ്ങളെ വകവരുത്തുകയായിരുന്നു ലക്ഷ്യമെന്ന്‌ ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥർ പറഞ്ഞു. മാവോയിസ്‌റ്റ്‌ നേതാക്കളായ ചന്ദ്രു, ഉണ്ണിമായ എന്നിവരെ കഴിഞ്ഞ നവംബറിൽ പേര്യയിൽനിന്ന്‌ പിടികൂടിയിരുന്നു. ഇവർ ജയിലിലാണ്‌. സി പി ജലീലും തേനി സ്വദേശി വേൽമുരുകനും സേനയുമായുള്ള ഏറ്റുമുട്ടലിലാണ്‌ കൊല്ലപ്പെട്ടത്‌. നവംബർ 13ന്‌ ആറളത്തുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ മാവോയിസ്‌റ്റ്‌ പ്രവർത്തക കവിത ചികിത്സയിലിരിക്കെ മരിച്ചതായി മാവോയിസ്‌റ്റുകൾ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെ ‘രക്തകടങ്ങൾ രക്തത്താൽ തീർക്കുമെന്ന്‌’ തിരുനെല്ലിയിൽ പോസ്‌റ്റർ പതിച്ചിരുന്നു.