KOYILANDY DIARY.COM

The Perfect News Portal

മണ്ഡലകാല പൂജ കഴിഞ്ഞു; ശബരിമല സന്നിധാനവും പരിസരപ്രദേശങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി അഗ്നിരക്ഷാസേന

ശബരിമല മണ്ഡലകാല പൂജകൾ കഴിഞ്ഞ് നട അടച്ചതോടുകൂടി ശബരിമല സന്നിധാനവും പരിസരപ്രദേശങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. പതിനെട്ടാംപടിയും സന്നിധാനവും വെള്ളം ഒഴിച്ച് വൃത്തിയാക്കി. മരാമത്ത് വകുപ്പും കേരള അഗ്നിരക്ഷാസേനയും ശബരിമല വിശുദ്ധി സേനയും സംയുക്തമായാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.

മണ്ഡലപൂജകൾ കഴിഞ്ഞു നടയടച്ചതിനു ശേഷമുള്ള ആദ്യ ദിവസമായ വ്യാഴാഴ്ച്ച സന്നിധാനം, പതിനെട്ടാം പടി, മാളികപ്പുറം, വാവര്നട, മഹാകാണിക്ക, അരവണ കൗണ്ടർ പരിസരം, നടപ്പന്തൽ, ക്യൂ കോംപ്ലക്സ് എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. സന്നിധാനവും പതിനെട്ടാം പടിയും പരിസരവും വെള്ളം ഉപയോഗിച്ച് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ വൃത്തിയാക്കി.

 

1500 ൽ പരം ജീവനക്കാരാണ് പമ്പ മുതൽ സന്നിധാനം വരെയുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ജൈവ അജൈവ മാലിന്യങ്ങൾ പ്രത്യേകം വേർതിരിച്ചാണ് ട്രാക്ടറിൽ നീക്കം ചെയ്തത്. മണ്ഡലകാല പൂജകൾക്കുശേഷം ശബരിമല ക്ഷേത്ര നട അടച്ചതോടുകൂടി സന്നിധാനത്തെ ആഴി ശുചീകരിച്ചു. ഇരുമുടിക്കെട്ടിൽ ഭക്തർ കൊണ്ടുവരുന്ന നെയ് തേങ്ങകൾ ശബരീശന് നെയ്യഭിഷേകം നടത്തിയതിനു ശേഷം ആഴിയിൽ അഗ്നികുണ്ഠത്തിലാണ് സമർപ്പിക്കുന്നത്.

Advertisements

 

മണ്ഡലകാല പൂജകൾക്ക് ശേഷം ആഴിയിലെ ചാരം നീക്കം ചെയ്യുകയും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. മകരവിളക്ക് മഹോത്സവത്തിന് 30ന് ശനിയാഴ്ച നട തുറന്നതിനു ശേഷം മേൽശാന്തി ആഴിയിൽ അഗ്നി തെളിയിക്കും.

Share news