KOYILANDY DIARY.COM

The Perfect News Portal

മാനേജരെ മർദിച്ച കേസ്; ഉണ്ണി മുകുന്ദന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും

മാനേജരെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന്‍റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി ഇന്നു വീണ്ടും പരിഗണിക്കും. നടന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പൊലീസ് ഇന്ന് നിലപാടറിയിക്കും. മാനേജരുടെ പരാതിയിൽ ഉണ്ണി മുകുന്ദനെതിരെ ഇന്‍ഫോ പാര്‍ക്ക് പോലീസ് കേസെടുത്തിരുന്നു. ഇതേത്തുടർന്നാണ് നടൻ കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്നും തനിക്കെതിരായ ആരോപണങ്ങൾ തെറ്റാണെന്നും തന്റെ പേര് ദുരുപയോഗം ചെയ്തതിനെ തുടർന്ന് ജോലിയിൽനിന്ന് പിരിച്ചുവിട്ടതിലെ പ്രതികാരമാണ് പരാതിക്ക്‌ പിന്നിലെന്നുമാണ് ഹർജിയിൽ ഉണ്ണി മുകുന്ദന്‍റെ വാദം.

ഉണ്ണി മുകുന്ദൻ തന്നെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് ചങ്ങനാശ്ശേരി സ്വദേശി വിപിൻ കുമാർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിൻ്റെ ഒന്നാം നിലയിലുള്ള ആളൊഴിഞ്ഞ പാർക്കിംഗ് സ്ഥലത്തേക്ക് തന്നെ വിളിച്ചു വരുത്തി യാതൊരു പ്രകോപനവും കൂടാതെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തുവെന്നാണ് പരാതി. കൂടാതെ തൻ്റെ മുഖത്തിരുന്ന വിലയേറിയ കൂളിംഗ് ഗ്ലാസ്സ് എടുത്ത് വലിച്ചെറിഞ്ഞ് ഉടച്ചുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

 

ഉണ്ണി മുകുന്ദൻ ശത്രുത പുലർത്തുന്ന മറ്റൊരു നടൻ തനിക്ക് സമ്മാനമായി നൽകിയതായിരുന്നു കൂളിംഗ് ഗ്ലാസ് . ഉണ്ണി മുകുന്ദൻ്റെ ഒടുവിൽ ഇറങ്ങിയ സിനിമയായ ഗെറ്റ് സെറ്റ് ബേബി പരാജയപ്പെട്ട സാഹചര്യത്തിൽ മറ്റൊരു സിനിമയെ പുകഴ്ത്തി സേഷ്യൽ മീഡിയ പോസ്റ്റ് ഇട്ടതാണ് നടനെ പ്രകോപിച്ചത് എന്നാണ് പരാതിയിൽ പറയുന്നത്.

Advertisements

 

തൻ്റെ ചിത്രങ്ങൾ തുടർച്ചയായി പരാജയപ്പെട്ടതോടെ നടൻ അണിയറ പ്രവർത്തകരുമായി അകൽച്ചയിലാണെന്നും പരാതിക്കാരൻ പറഞ്ഞു. ഇതിനിടെയാണ് ടൊവിനൊ ചിത്രമായ നരിവേട്ടയെ പ്രശംസിച്ച് താൻ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടത്. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് അസഭ്യം പറഞ്ഞ് മർദ്ദിക്കാനുള്ള കാരണം എന്നും പരാതിയിൽ പറയുന്നു. പരാതിക്കാരൻ്റെ വിശദമായ മൊഴി ഇൻഫോ പാർക്ക് പൊലീസ് രേഖപ്പെടുത്തി. പൊലീസിന് പുറമെ സിനിമ സംഘടനയായ ഫെഫ്കയിലും മാനേജർ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ 6 വർഷമായി ഉണ്ണി മുകുന്ദൻ്റെ മാനേജരായി പ്രവർത്തിച്ചുവരുകയാണ് പരാതിക്കാരൻ.

Share news