KOYILANDY DIARY.COM

The Perfect News Portal

ഭക്ഷണം വിളമ്പുന്നതിനിടെ എയര്‍ഹോസ്റ്റസിനെ മോശമായി സ്പര്‍ശിച്ചു: മലയാളി യുവാവ് ഹൈദരാബാദില്‍ അറസ്റ്റില്‍

.

ഹൈദരാബാദ്: എയര്‍ഹോസ്റ്റസിനോട് മോശമായി പെരുമാറിയ മലയാളി യുവാവ് ഹൈദരാബാദില്‍ അറസ്റ്റില്‍. ദുബായ്- ഹൈദരാബാദ് വിമാനത്തിലെ യാത്രക്കാരനാണ് ഞായറാഴ്ച പിടിയിലായത്. വിമാനത്തിലെ കാബിന്‍ ക്രൂ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. എയര്‍ഹോസ്റ്റസ് ഭക്ഷണം വിളമ്പുന്നതിനിടെ ഇയാള്‍ അവരെ മോശമായി സ്പര്‍ശിക്കുകയായിരുന്നു.

 

എയര്‍ഹോസ്റ്റസ് ഉടന്‍ തന്നെ യാത്രക്കാരന്‍ മോശമായി പെരുമാറിയ വിവരം ക്യാപ്റ്റനെ അറിയിച്ചു. വിമാനം ലാന്‍ഡ് ചെയ്തയുടന്‍ ആര്‍ ജി ഐ എയര്‍പോര്‍ട്ട് പൊലീസെത്തി യുവാവിനെ അറസ്റ്റ് ചെയ്തു. യുവാവ് മദ്യലഹരിയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വിമാനമിറങ്ങിയപ്പോള്‍ ഇയാളുടെ പാസ്‌പോര്‍ട്ട് കാണാതായി. അത് തിരയാന്‍ എയര്‍ഹോസ്റ്റസുമാര്‍ പോയപ്പോള്‍ ഇയാള്‍ വിമാന ജീവനക്കാര്‍ക്ക് നല്‍കാന്‍ എഴുതിയ അശ്ലീല കുറിപ്പും കണ്ടെത്തി.
തുടര്‍ന്ന് വിമാനത്തിലെ ജീവനക്കാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 74 (സ്ത്രീകളുടെ അഭിമാനത്തിന് മുറിവേല്‍പ്പിക്കല്‍), സെക്ഷന്‍ 75 (ലൈംഗികാതിക്രമം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ യുവാവിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
Share news