KOYILANDY DIARY.COM

The Perfect News Portal

തമിഴ്‌നാട് ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോൾ തിളങ്ങിയത് മലയാളി താരങ്ങൾ

.

തമിഴ്‌നാട് ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോൾ തിളങ്ങിയത് മലയാളി താരങ്ങൾ. 2016 മുതല്‍ 2022 വരെയുള്ള അവാര്‍ഡുകളാണ് തമിഴ്നാട് സ‌ർക്കാർ പ്രഖ്യാപിച്ചത്. ഏഴ് വര്‍ഷത്തെ സംസ്ഥാന സിനിമാ പുരസ്‌കാരങ്ങളിൽ വിവിധ കാറ്റ​ഗറികളിലായി മലയാളി താരങ്ങൾ തിളങ്ങി.

 

മികച്ച നടിക്കുള്ള പുരസ്കാരങ്ങള്‍ മലയാളി താരങ്ങള്‍ തൂത്തുവാരി. മഞ്ജു വാര്യര്‍, നയന്‍താര, അപര്‍ണ ബാലമുരളി, ലിജോമോള്‍ ജോസ്, കീര്‍ത്തി സുരേഷ് എന്നിവരാണ് മികച്ച നടിമാര്‍ക്കുള്ള പുരസ്‌കാരം സ്വന്തം പേരിലാക്കിയത്. ജ്യോതിക, സായി പല്ലവി എന്നിവരാണ് മറ്റ് വ‌ർഷങ്ങളിലെ അവാർഡ് ജേതാക്കൾ.

Advertisements

 

2016ലെ ‘പാമ്പു സട്ടൈ’ എന്ന സിനിമയിലെ അഭിനയത്തിനാണ് കീര്‍ത്തി സുരേഷിന് പുരസ്കാരം ലഭിച്ചത്. 2017ൽ ‘അറം’ എന്ന ചിത്രത്തിലൂടെ നയൻതാരയും പുരസ്കാരം സ്വന്തമാക്കി. 2019-ല്‍ പുറത്തിറങ്ങിയ ‘അസുര’നിലെ അഭിനയത്തിനാണ് മഞ്ജു വാര്യര്‍ക്ക് പുരസ്‌കാരം. അപര്‍ണ ബാലമുരളി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത് ‘സൂരറൈ പോട്രി’ലെ അഭിനയത്തിനാണ്. 2021ലെ പുരസ്കാരമാണ് ലിജോമോൾക്ക്. ‘ജയ് ഭീമി’ലെ തകർപ്പൻ പ്രകടനമാണ് താരത്തിനെ അവാർഡിന് അർഹയാക്കിയത്.

 

മലയാളികളുടെ പ്രിയതാരങ്ങളായ ഉർവശിക്കും റഹ്മാനും അവാർഡ് നേട്ടമുണ്ട്. മികച്ച പ്രതിനായകനായാണ് റഹ്മാൻ തെരഞ്ഞെടുക്കപ്പെട്ടത്. ഉര്‍വശിക്ക് ലഭിച്ചതാകട്ടെ ഹാസ്യ നടിക്കുള്ള പുരസ്‌കാരവും. മധുമിത, ദേവദർശിനി, കോവൈ സരള, ഇന്ദ്രജ ശങ്കർ എന്നിവരാണ് മികച്ച ഹാസ്യ നടിക്കുള്ള പുരസ്കാരം നേടിയ മറ്റ് താരങ്ങൾ. വൈക്കം വിജയലക്ഷ്മി, വര്‍ഷാ രഞ്ജിത്ത് എന്നിവര്‍ മികച്ച ഗായികമാരായും തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച നടന്‍മാര്‍ വിജയ് സേതുപതി, കാര്‍ത്തി, ധനുഷ്, ആര്‍ പാര്‍ഥിപന്‍, സൂര്യ, ആര്യ, വിക്രം പ്രഭു എന്നിവരാണ്. ‘മാനഗരം’ (2016), ‘അരം’ (2017), ‘പരിയേറും പെരുമാൾ’ (2018), ‘അസുരൻ’ (2019) ‘കൂഴങ്കൽ’ (2020), ‘ജയ്ഭീം’ (2021), ‘കാർക്കി’ (2022) എന്നിവയാണ് മികച്ച സിനിമകൾ. ലോകേഷ് കനകരാജ്, പുഷ്‌കർ ഗായത്രി, മാരി സെൽവരാജ്, പാർഥിപൻ, സുധ കൊങ്കര, ടി.എസ്. ജ്ഞാനവേൽ, ഗൗതം രാമചന്ദ്രൻ എന്നിവർ മികച്ച സംവിധായകർക്കുള്ള പുരസ്കാരം നേടി. ഫെബ്രുവരി 13നാണ് പുരസ്കാരം വിതരണം. ചെന്നൈയിലെ കലൈവാണർ അരങ്ങിൽ നടക്കുന്ന ചടങ്ങില്‍ ഉദയനിധി സ്റ്റാലിന്‍ അവാര്‍ഡുകള്‍ കൈമാറും.

Share news