‘മക്കളിൻ തോഴർ’; കെ കെ ശൈലജയുടെ ആത്മകഥയുടെ തമിഴ് പരിഭാഷ പ്രകാശനം ചെയ്തു
.
ചെന്നൈ: കേരളത്തിന്റെ മുൻ ആരോഗ്യമന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ കെ കെ ശൈലജയുടെ ആത്മകഥ ‘മൈ ലൈഫ് ആസ് എ കോമ്രേഡി’ന്റെ തമിഴ് പരിഭാഷ പ്രകാശനം ചെയ്തു. ടി എ ശ്രീനിവാസനാണ് ‘മക്കളിൻ തോഴർ’ എന്ന പേരിൽ പുസ്തകം തമിഴിലേക്ക് മൊഴി മാറ്റിയത്. പ്രകൃതി ഫൗണ്ടേഷനും ചെന്നൈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസവും കാലച്ചുവട് പബ്ലിക്കേഷൻസും ചേർന്നാണ് ചെന്നൈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസത്തിൽ പരിപാടി സംഘടിപ്പിച്ചത്.

ചടങ്ങിൽ മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് പ്രഭാ ശ്രീദേവന്‍ നൽകി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കെ ബാലകൃഷ്ണൻ പ്രകാശനം നിർവഹിച്ചു. കെ കെ ശൈലജ, സന്നദ്ധസംഘടനയായ ‘റീച്ചി’ന്റെ സഹസ്ഥാപക ഡോ. നളിനി കൃഷ്ണൻ, പ്രകൃതി ഫൗണ്ടേഷന്റെ സ്ഥാപകൻ രൺവീർ ഷാ എന്നിവർ സംസാരിച്ചു.




