മച്ചാട്ട് വാസന്തി അന്തരിച്ചു

മലയാളത്തിൻ്റെ പ്രിയപ്പെട്ട പാട്ടുകാരി മച്ചാട്ട് വാസന്തി (81) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. “പച്ചപ്പനതത്തേ പുന്നാരപ്പൂമുത്തേ പുന്നെല്ലിൻ പൂങ്കരളേ…’ എന്ന ഒറ്റ ഗാനത്തിലൂടെ മലയാളത്തിന്റെ കാതുകളിൽ ഇമ്പമുണർത്തിയാണ് വാസന്തി ജനപ്രിയ ഗായികയായി വന്നത്. കമ്യൂണിസ്റ്റ് പാർടി സമ്മേളനങ്ങളിലും നാടക വേദികളിലും വിപ്ലവഗാനമാലപിച്ച് മലബാറിലെ വാനമ്പാടിയായി. എം എസ് ബാബുരാജിന്റെ ആ ഇഷ്ടഗായിക സിനിമയിലെത്തിയതും ആ ഇണക്കത്തിൽ. പിന്നണി ഗായികയായി ശ്രദ്ധേയ തുടക്കമെങ്കിലും വഴി സുഗമമായില്ല. പാട്ടും നാടകാഭിനയവും സിനിമയും ജീവിതത്തിന്റെ ഗതിവിഗതികളിൽ തട്ടിത്തടഞ്ഞ് നിരാശയുടെ കയത്തിലേക്കാണ് എത്തിച്ചത്.

കണ്ണൂരിൽ കിസാൻസഭാ സമ്മേളനത്തിലാണ് ഒമ്പത് വയസ്സുകാരി ആദ്യമായി സ്റ്റേജിൽ പാടിയത്. അച്ഛൻ മച്ചാട്ട് കൃഷ്ണൻ കമ്യൂണിസ്റ്റ് പ്രവർത്തകനും ഗായകനും. അദ്ദേഹത്തിന്റെ മകൾ പാടുമെന്ന് കേട്ടപ്പോൾ ഇ കെ നായനാരാണ് വേദിയിൽ പാടാൻ പ്രേരിപ്പിച്ചത്. മൈക്കിനൊപ്പമെത്താൻ സ്റ്റൂളിൽ കയറ്റിനിർത്തി. “പൊട്ടിക്കൂ പാശം, സമരാവേശം കൊളുത്തൂ വീരയുവാവേ നീ’ എന്ന് തുടങ്ങുന്ന പാട്ട് നിർത്തിയത് നിറഞ്ഞ കരഘോഷത്തിൽ. അത് കേട്ട് നായനാർ പറഞ്ഞു: “ഇവൾ മലബാറിന്റെ വാനമ്പാടിയാവും’. തുടർന്ന് പാർടി സമ്മേളനവേദികളിൽ സ്ഥിരം ഗായിക ബാബുരാജുമായി കൃഷ്ണനുള്ള സൗഹൃദമാണ് കുടുംബത്തെ കോഴിക്കോട്ടെത്തിച്ചത്.

ഹിന്ദുസ്ഥാനി പാരമ്പര്യമുള്ള ജനകീയ പാട്ടുകാരൻ ബാബുരാജിൽനിന്ന് സംഗീതം പഠിക്കുകയായിരുന്നു ഉദ്ദേശ്യം. അങ്ങനെ കണ്ണൂരിലെ കക്കാട് താമസിച്ച കുടുംബം കോഴിക്കോട്ടേക്ക് മാറി. ബാബുരാജിന്റെ വീട്ടിൽപോയി പഠിക്കാൻ സൗകര്യത്തിന് കല്ലായിക്കടുത്ത് വാടക വീടെടുത്തു. അച്ഛന്റെ വഴിപിന്തുടർന്ന് പാർടി സമ്മേളനങ്ങളിൽപാടിയ വാസന്തി കോഴിക്കോട്ടെ നാടകവേദികളിലും സാന്നിധ്യമായി. അന്ന് കോഴിക്കോട് അബ്ദുൽഖാദറും ബാബുരാജും മറ്റും സജീവമാക്കിയ ജനകീയ കലാവേദിയിൽ ആ ശബ്ദവും ആസ്വാദകർ തിരിച്ചറിഞ്ഞു.

ചെറുകാടിന്റെ നമ്മളൊന്ന് നാടകത്തിൽ പൊൻകുന്നം ദാമോദരന്റെ രചനയിൽ ബാബുരാജ് ഈണം നൽകിയ പച്ചപ്പനം തത്തേ.. വാസന്തി ആലപിച്ചത് 13ാം വയസ്സിൽ. ഐക്യകേരള പിറവിക്കുമുമ്പ് കേരളം മുഴുക്കെ കേട്ട ആ ഗാനം പിന്നീട് അരങ്ങത്ത് പലരും പാടി. കാലങ്ങൾക്കു ശേഷം “നോട്ടം’ സിനിമയിൽ എം ജയചന്ദ്രന്റെ ഈണത്തിൽ യേശുദാസ് പാടിയത് 2005ൽ. അപ്പോഴും ആസ്വാദകരിൽ ഒളിമങ്ങാതെ നിന്നത് വാസന്തിയുടെ മധുരശബ്ദം. ബാബുരാജ് ആദ്യമായി സംഗീതം നൽകിയ തിരമാല സിനിമയിൽ അവർ ഗായിക. ആ ചിത്രം ഇറങ്ങിയില്ല. പിന്നാലെ രാമുകാര്യാട്ടിന്റെ “മിന്നാമിനുങ്ങി’ൽ അദ്ദേഹം ഈണമിട്ട “തത്തമ്മേ തത്തമ്മേ നീ പാടിയാൽ അത്തിപ്പഴം തന്നിടും…’, “ആര് ചൊല്ലിടും ആര് ചൊല്ലിടും…’ എന്നീ ഗാനങ്ങളിലൂടെ സിനിമയിൽ വരവറിയിച്ചു.

