KOYILANDY DIARY

The Perfect News Portal

കല്ലാനോട് ഇല്ലിപ്പിലായി മേഖലയിൽ ഉഗ്രസ്ഫോടന ശബ്ദം; കുടുംബങ്ങളെ മാറ്റി

കൂരാച്ചുണ്ട് : കല്ലാനോട് ഇല്ലിപ്പിലായി മേഖലയിൽ ഉഗ്രസ്ഫോടന ശബ്ദം. കുടുംബങ്ങളെ മാറ്റി. പഞ്ചായത്തിലെ ഏഴാം വാർഡിൽ ഇല്ലിപ്പിലായി എൻആർഇപി പുത്തേട്ട് ഭാഗത്ത് ഉഗ്രസ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ. ഇന്നലെ രാത്രി 10.30നാണ് വലിയ ശബ്ദം പ്രദേശവാസികൾ കേട്ടത്. കല്ലാനോട്, പൂവത്തും ചോല മേഖലയിലും ശബ്ദം കേട്ടതായി ജനങ്ങൾ പറയുന്നു. 
പുത്തേട്ട് താഴെ തോടിനോട് ചേർന്ന മേഖലയിൽ വീടുകളിലെ ആളുകളെ മാറ്റി താമസിപ്പിച്ചിരിക്കുകയാണ്.  മുൻപ് മലയിടിച്ചിലിൽ ഭൂമിക്ക് വിള്ളൽ സംഭവിച്ച മേഖലയാണ് ഇവിടം. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിമിലി ബിജു, അരുൺ ജോസ്, കൂരാച്ചുണ്ട് എസ് എച്ച് ഒ എൽ. സുരേഷ് ബാബു എന്നിവർ സ്ഥലത്തെത്തി ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി.