കോഴിക്കോട് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; നാല് പേർക്ക് ദാരുണാന്ത്യം
കോഴിക്കോട് : കോഴിക്കോട് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേർക്ക് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ഫാറൂഖ് കോളേജ് സ്വദേശികളായ അജീഷ്, വിമൽ, ശ്യാംലാൽ, രാമനാട്ടുകര സ്വദേശി ദിനിൽ എന്നിവരാണ് മരിച്ചത്. കോഴിക്കോട് നല്ലളം രാമനാട്ടുകര മോഡേൺ ബസാറിൽ ഇന്ന് പുലർച്ചെ 3.15നായിരുന്നു അപകടം. അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. ഇവർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
കോഴിക്കോട് നിന്നും ഫറോക്കിലേക്ക് പോകുകയായിരുന്ന കാറും മലപ്പുറം ഭാഗത്ത് നിന്ന് വരുകയായിരുന്ന ലോറിയുമാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. നാട്ടുകാർ ഓടിയെത്തി ഒരാളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. ഉള്ളിൽ കുടുങ്ങിപ്പോയ മറ്റുള്ളവരെ മീഞ്ചന്തയിൽ നിന്ന് ഫയർഫോഴ്സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവരെന്നാണ് വിവരം.




