മദ്യവും മറ്റു ലഹരികളും നിയന്ത്രിക്കാൻ തദ്ദേശഭരണകൂടങ്ങൾക്ക് അധികാരം നല്കണം; അഡ്വ. സുജാത വർമ
കൊയിലാണ്ടി: മദ്യവും മറ്റു ലഹരികളും നിയന്ത്രിക്കാൻ തദ്ദേശഭരണകൂടങ്ങൾക്ക് അധികാരം നല്കണമെന്ന് മദ്യനിരോധനസമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. സുജാത വർമ പറഞ്ഞു. മദ്യനിരോധനസമിതിയുടെ 400 ദിവസം പിന്നിട്ട അനിശ്ചിതകാല മലപ്പുറം സത്യാഗ്രഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള മദ്യനിരോധന മഹിളാ വേദിയുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.

ബസ്സ്റ്റാൻ്റ് പരിസരത്ത് നടന്ന പരിപാടിയിൽ വേദി ജില്ലാ പ്രസിഡണ്ട് സതി മടപ്പള്ളി അധ്യക്ഷത വഹിച്ചു. മദ്യം വ്യാപിപ്പിച്ചുകൊണ്ട് മറ്റു ലഹരികൾക്കെതിരെ ബോധവൽക്കരണം നടത്തുന്നത് പരിഹാസ്യമാണെന്നും ഉദ്ഘാടക എടുത്തു പറഞ്ഞു. മദ്യനിരോധന സമിതി സ്റ്റേറ്റ് ട്രഷറർ ഖദിജനർഗീസ് മുഖ്യപ്രഭാഷണം നടത്തി. മഹിളാ വേദി സംസ്ഥാന ജന. സെക്രട്ടറി ഇയ്യച്ചേരി പദ്മിനി, മദ്യനിരോധനസമിതി ജില്ലാ പ്രസിഡണ്ട് സുമാ ബാലകൃഷ്ണൻ, വിമൺ ജസ്റ്റീസ് മൂവ്മെൻ്റ് സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി, എം.ജി.എം ജില്ലാപ്രസിഡണ്ട് സോഫിയ ടീച്ചർ, മഹിളാവേദി ജില്ലാ വൈസ് പ്രസിഡണ്ട് രമാദേവി ടീച്ചർ, മൂടാടി ഗ്രാമപഞ്ചായത്ത് മെമ്പർ ലതിക പുതുക്കുടി, വിമൺ ഇന്ത്യാ മൂവ്മെൻ്റ് ജില്ലാ സെക്രട്ടറി ജസിയ കൊയിലാണ്ടി എന്നിവർ പ്രസംഗിച്ചു.

നേരത്തെ നടന്ന പ്രകടനത്തിന് സജ്ന പിരിശത്തിൽ, സറീന സുബൈർ, അശ്വതി രാജേഷ്, ആസ്യാബീ കാരാടി, റസീന പയ്യോളി, സുഗന്ധി കുന്ദമംഗലം എന്നിവർ നേതൃത്വം കൊടുത്തു. മഹിളാ വേദി ജില്ലാസെക്രട്ടറി ഉഷാനന്ദിനി സ്വാഗതവും ട്രഷറർ ബിന്ദു കെ.എം നന്ദിയും പറഞ്ഞു.
