തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം: കുടുംബസമേതമെത്തി മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തി
.
തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ രണ്ടാംഘട്ടമായ ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ വോട്ട് രേഖപ്പെടുത്തി. കണ്ണൂര്‍ പിണറായി പഞ്ചായത്തിലെ ഒന്നാം നമ്പറിലാണ് മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തിയത്. ചേരിക്കല്‍ ബേസിക് സ്കൂളിലാണ് കുടുംബസമേതം വോട്ട് ചെയ്യാനെത്തിയത്.

പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ഇന്ന് വോട്ട് രേഖപ്പെടുത്തി. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പാണക്കാട് സികെ എം എൽപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി കാരത്തോട് അപ്പക്കാട് മദ്രസയിൽ വോട്ട് ചെയ്തു. കൂടുതൽ സീറ്റുകൾ പിടിച്ചെടുക്കുമെന്ന് വോട്ട് രേഖപ്പെടുത്തിയതിന് ശേഷം കോഴിക്കോട് കോർപ്പറേഷൻ മിഞ്ചന്ത വാർഡ് LDF സ്ഥാനാർത്ഥി മുസാഫിർ അഹമ്മദ് പറഞ്ഞു. LDF കോർപ്പറേഷൻ ഭരണം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, 1.53 കോടിയിലധികം വോട്ടർമാരാണ് രണ്ടാം ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തുക. ഇതിൽ 80.90 ലക്ഷം സ്ത്രീ വോട്ടർമാരും 72.46 ലക്ഷം പുരുഷ വോട്ടർമാരുമാണ്. 18,274 പോളിംഗ് സ്റ്റേഷനുകളാണ് ഏഴ് ജില്ലകളിലായി ഒരുക്കിയിട്ടുള്ളത്. വിവിധ രാഷ്ട്രീയ പാര്‍ട്ടി മുന്നണികളും സ്വതന്ത്ര സ്ഥാനാർത്ഥികളും ഉൾപ്പെടെ 38,994 സ്ഥാനാർത്ഥികളാണ് രണ്ടാം ഘട്ടത്തിൽ ജനവിധി തേടുന്നത്. കഴിഞ്ഞ ഒരു മാസക്കാലം നീണ്ടുനിന്ന പ്രചാരണത്തിന് ചൊവ്വാഴ്ചയാണ് കൊട്ടിക്കലാശമായത്.

തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ ഒന്നാം ഘട്ടത്തില്‍ 70.91 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. അന്തിമ കണക്ക് വന്നപ്പോൾ കഴിഞ്ഞ തവണത്തേക്കാൾ 3 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.



