മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതരുടെ വായ്പ എഴുതിത്തള്ളല്‍; കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം

കൊച്ചി: മുണ്ടക്കൈ -ചൂരല്‍മല ദുരന്ത ബാധിതരുടെ വായ്പ എഴുതിത്തള്ളുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. തീരുമാനമെടുക്കാന്‍ അന്തിമമായി ഒരവസരം കൂടി നല്‍കുന്നുവെന്ന് ഹൈക്കോടതി അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് അഡീഷണല്‍ സൊളിസിറ്റര്‍ ജനറല്‍ ഹൈക്കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് ഡിവിഷന് ബെഞ്ചിന്റെ കടുത്ത നിലപാട്.

വായ്പ എഴുതിത്തള്ളുന്നതില്‍ തീരുമാനം അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നാലാഴ്ച കൂടി സാവകാശം തേടി. സമയം അനുവദിച്ച ഹൈക്കോടതി നാലാഴ്ചയ്ക്കകം അന്തിമ തീരുമാനം അറിയിക്കണമെന്നും കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി. മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഡിവിഷന് ബെഞ്ച് സെപ്തംബര്‍ പത്തിന് വീണ്ടും പരിഗണിക്കും.

ദുരന്തമുണ്ടായി ഒരു വര്‍ഷം കഴിഞ്ഞിട്ടും തീരുമാനമെടുക്കാനായില്ലേയെന്ന് കഴിഞ്ഞതവണയും ഡിവിഷന് ബെഞ്ച് ചോദിച്ചിരുന്നു. കേരള ബാങ്ക് വായ്പ എഴുതിത്തള്ളിയത് മാതൃകയാക്കണമെന്നും ഹൈക്കോടതി കേന്ദ്രത്തോട് പറഞ്ഞിരുന്നു. വായ്പ എഴുതിത്തള്ളിയാലും ഇല്ലെങ്കിലും തീരുമാനം കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ അറിയിക്കണമെന്നും അതിനനുസരിച്ച് സംസ്ഥാനത്തിന് മുന്നോട്ട് പോകാനാകുമെന്നും അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

