പൊതുസ്ഥലത്ത് മാലിന്യം തള്ളി; പിഴ ചുമത്തി

പയ്യോളി: തിക്കോടി പഞ്ചായത്തിലെ സ്വകാര്യവ്യക്തി തള്ളിയ രാസവസ്തുക്കളടങ്ങിയ മാലിന്യം പഞ്ചായത്ത് അധികൃതർ പിടികൂടി പിഴ ചുമത്തി. പുറക്കാട് പറോളിനട വയലിനുസമീപം ആറ് ചാക്കുകളിലായാണ് മാലിന്യം വയലിൽ തള്ളിയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്തിന്റെയും പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദിന്റെയും നേതൃത്വത്തിലെത്തിയ പഞ്ചായത്ത് അധികൃതരാണ് മാലിന്യം പിടികൂടിയത്.

ചാക്കുകെട്ടുകൾ പരിശോധിച്ചതിൽനിന്ന് പള്ളിക്കരയിലെ ‘പ്രാർഥന’ വീട്ടിൽ താമസിക്കും പിലാച്ചേരി രേണുകയാണ് മാലിന്യം തള്ളിയതെന്ന് മനസ്സിലായി. തുടർന്ന് പ്രസിഡണ്ട് ജമീല സമദും പഞ്ചായത്തംഗം വിബിത ബൈജുവും സെക്രട്ടറിയുമടങ്ങിയ സംഘം വീട്ടിലെത്തി മാലിന്യം തള്ളിയവരെക്കൊണ്ടുതന്നെ നീക്കം ചെയ്യിക്കുകയും അമ്പതിനായിരം രൂപ പിഴ ചുമത്തുകയും ചെയ്തു.
