കണ്ണകിയെപ്പോലെ ഈ കാലഘട്ടത്തിൽ സാമ്രാജ്യങ്ങളെ വീഴ്ത്താൻ സാഹിത്യത്തിനാകും; കനിമൊഴി
തിരുവനന്തപുരം: ചിലപ്പതികാരത്തിലെ കണ്ണകിയെപ്പോലെ ഈ കാലഘട്ടത്തിൽ സാമ്രാജ്യങ്ങളെ വീഴ്ത്താനുള്ള ശേഷി സാഹിത്യത്തിനുണ്ടെന്ന് എഴുത്തുകാരിയും എംപിയുമായ കനിമൊഴി. കവി പ്രഭാവർമ്മയുടെ ‘ഒറ്റിക്കൊടുത്താലും എന്നെയെൻ സ്‌നേഹമേ’ എന്ന കവിതാസമാഹാരം പ്രകാശിപ്പിക്കുകയായിരുന്നു അവർ. കണ്ണകിയുടെ ചിലമ്പ് അനീതികൾക്കൊപ്പം മധുരയെ എരിച്ചു. അത് തലമുറകളായി അടിച്ചമർത്തപ്പെട്ട ഒട്ടനേകം സ്ത്രീകളുടെ രോഷമായിരുന്നു. ഒരു രാജാവിനെയും സാമ്രാജ്യത്തെയും വീഴ്ത്താനുള്ള ശേഷി അതിനുണ്ടായിരുന്നു.

വർത്തമാനകാലത്ത് കവിതയ്ക്കും സാഹിത്യത്തിനും ആ ശേഷിയുണ്ട്. വ്യവസ്ഥയ്‌ക്കെതിരെ ചോദ്യമുയർത്താനും സാമൂഹിക പരിവർത്തനത്തിനും കഴിയും. യഥാർത്ഥ ദേശസ്‌നേഹികളായ നമ്മുടെ മുൻഗാമികൾ സ്വപ്‌നം കണ്ട ഇന്ത്യയെ ഇതുവഴി സൃഷ്ടിക്കാനാകുമെന്ന് കനിമൊഴി പറഞ്ഞു. പ്രഭാവർമ്മയുടെ കവിതകളിലൊന്നായ കനക ചിലമ്പിനെ പരാമർശിച്ചാണ് കനിമൊഴി ചിലപ്പതികാരത്തെക്കുറിച്ച് സംസാരിച്ചത്.

കേരളത്തിൽ അല്ലാതെ മറ്റൊരിടത്തും സാഹിത്യ സദസ്സിനും പുസ്തക പ്രകാശനത്തിനും നിറഞ്ഞ സദസ്സ് കാണാൻ കഴിയില്ലെന്നും അവർ പറഞ്ഞു. നർത്തകി ഡോ. രാജശ്രീ വാര്യർ പുസ്തകം ഏറ്റുവാങ്ങി. ആർ രാമചന്ദൻ നായർ അധ്യക്ഷനായി. പ്രഭാവർമ്മ, ഡോ. സി ഉദയകല, ഡോ. കായംകുളം യൂനുസ്, എസ് മഹാദേവൻ തമ്പി, രവി ഡിസി തുടങ്ങിയവർ പങ്കെടുത്തു. ഡോ. കെ ആർ ശ്യാമ കവിത ആലപിച്ചു.

