KOYILANDY DIARY.COM

The Perfect News Portal

ഷവര്‍മ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിൻറെ മിന്നൽ പരിശോധന

ഷവര്‍മ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് മിന്നൽ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന വ്യാപകമായി 88 സ്‌ക്വാഡുകള്‍ 1287 ഷവര്‍മ വില്‍പന കേന്ദ്രങ്ങളില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി.

മാനദണ്ഡങ്ങളില്‍ ലംഘനം വരുത്തിയ 148 സ്ഥാപനങ്ങളിലെ ഷവര്‍മ വില്‍പന നിര്‍ത്തിവയ്പ്പിച്ചു. 178 സ്ഥാപനങ്ങള്‍ക്ക് റക്ടിഫിക്കേഷന്‍ നോട്ടീസും 308 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കി. മയണൈസ് തയാറാക്കുന്നതിലെ മാനദണ്ഡങ്ങളില്‍ വീഴ്ച വരുത്തിയ 146 സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയെടുത്തു. പരിശോധനകള്‍ തുടരുന്നതാണ്.

 

നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.ഷവര്‍മ വില്‍പന കേന്ദ്രങ്ങളെല്ലാം കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്. ഭക്ഷണം പാകം ചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നയിടവും പാകം ചെയ്യുന്ന ഇടവും വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കണം. ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ കൃത്യമായും വ്യക്തിശുചിത്വം പാലിക്കുകയും മെഡിക്കല്‍ ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റ് നേടുകയും വേണം.

Advertisements
Share news