അഗ്നിരക്ഷാ പ്രവര്‍ത്തനങ്ങളുടെ ബാലപാഠം പഠിക്കാം; എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ പവലിയനൊരുക്കി അഗ്നിരക്ഷാ സേന

മുണ്ടക്കൈയും ചൂരല്‍മലയും ഉള്‍പ്പെടെയുള്ള ദുരന്തമുഖങ്ങളിലെ അഗ്നിരക്ഷാ സേനയുടെ പ്രവര്‍ത്തനങ്ങള്‍ ടെലിവിഷനില്‍ മാത്രം കണ്ടിട്ടുള്ളവര്‍ക്ക് ഇനി നേരിട്ട് കാണാം, അടുത്തറിയാം. തിരുവനന്തപുരം കനകക്കുന്നിലെ എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ജില്ലാ അഗ്നിരക്ഷാസേനയാണ് കാഴ്ചക്കാര്‍ക്ക് സുവര്‍ണാവസരം ഒരുക്കിയിരിക്കുന്നത്. സേനയുടെ പ്രവര്‍ത്തനരീതിയും ഉപകരണങ്ങളും പരിചയപ്പെടുന്നതിനൊപ്പം അഗ്നിരക്ഷാ പ്രവര്‍ത്തനങ്ങളുടെ ബാലപാഠവും പഠിക്കാം.

മുണ്ടക്കൈയിലെ ബെയ്ലി പാലം പോലൊരു ബര്‍മ്മ പാലമുണ്ട് കനക്കുന്നില്‍. പാലം തകര്‍ന്നാല്‍ അതിന് പകരമായി പോളി പ്രൊപലിന്‍ റോപ് ഉപയോഗിച്ച് നിര്‍മ്മിക്കുന്നവ. ആളുകളെ മാറ്റാനും നടക്കാന്‍ പറ്റാത്തവരെ പോലും എടുത്ത് കൊണ്ടുപോകാനും ശേഷിയുള്ള റോപ് ബ്രിഡ്ജ്. ആശങ്ക ലവലേശമില്ലാതെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തുന്നുണ്ട്. പാലം കാണാനും കയറാനും കാര്യങ്ങളറിയാനും.

ദുരന്തസ്ഥലത്ത് കമാന്റോകള്‍ക്ക് എത്താനായി നിര്‍മ്മിക്കുന്ന കമാന്റോ ബ്രിഡ്ജ്, പുഴ കടന്നുള്ള രക്ഷാപ്രവര്‍ത്തനത്തിനായി ഏരിയല്‍ റോപ് വേ, കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ താഴെയിറക്കാനുള്ള സ്കൂപ്പിങ്ങ് ഉള്‍പ്പെടെയുള്ളവയും പ്രദര്‍ശനത്തിലുണ്ട്. എന്നാല്‍ പ്രദര്‍ശനത്തിലെ പ്രധാനതാരം മറ്റൊരാളാണ്. ഫയര്‍ റോബോ എന്ന ഓമനപ്പേരുള്ള ഫുള്ളി ഓട്ടോമാറ്റിക് ഫയര്‍ ഫൈറ്റിംങ് റോബോട്ട്.

സേനയ്ക്ക് എത്താന്‍ കഴിയാത്ത ഇടങ്ങളില്‍ ചെന്ന് അഗ്നിയോട് പോരാടാന്‍ ശേഷിയുള്ള ഹീറോ. രണ്ട് ക്യാമറയും അഞ്ച് മണിക്കൂര്‍ ബാറ്ററി ബാക്കപ്പുമുള്ള റോബോ സംസ്ഥാനത്ത് മൂന്നെണ്ണമാണ് ഉള്ളത്. പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയാണിപ്പോള്‍. സംഗതി കിടുവാണെങ്കില്‍ കൂടുതല്‍ റോബോകളെത്തും. സേനയുടെ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തുന്നതിനൊപ്പം പ്രാഥമിക അഗ്നിരക്ഷാ മാര്‍ഗ്ഗങ്ങള്‍ പൊതുജനങ്ങളിലെത്തിക്കുക കൂടിയാണ് പ്രദര്‍ശനത്തിന്റെ ലക്ഷ്യം.

എല്‍പിജി ഗ്യാസ് ചോര്‍ച്ച തടയാനും എസ്റ്റിംഗ്യൂഷര്‍ ഉപയോഗിക്കാനുമെല്ലാം ലളിതമായ ട്രെയിനിങ്ങുമുണ്ട്. ഏറെ പ്രയോജനപ്രദമെന്ന് വീട്ടമ്മയുടെ സാക്ഷ്യം. ജില്ലയിലെ 15 സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അഗ്നിശമന സേനയുടെ പ്രവര്‍ത്തനങ്ങളും ഉപകരണങ്ങളും പരിചയപ്പെടുത്തുന്ന രണ്ട് പ്രദര്‍ശന സ്റ്റാളുകള്‍ കനകക്കുന്നില്‍ ഒരുക്കിയിരിക്കുന്നത്.
