പുള്ളിപ്പുലിയെ തെരുവുനായ ആക്രമിച്ച് 300 മീറ്ററോളം വലിച്ചു

ജനവാസമേഖലയില്‍ ഇറങ്ങുന്ന വന്യമൃഗങ്ങള്‍ തെരുവുനായകളെയും മറ്റും ആക്രമിക്കുന്ന സംഭവങ്ങള്‍ പതിവാണ്. എന്നാല്‍ വ്യത്യസ്ഥമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആകെ വൈറലായിരിക്കുന്നത്. പുള്ളിപ്പുലിയെ തെരുവുനായ ആക്രമിച്ച് 300 മീറ്ററോളം വലിച്ചിഴക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. നാസിക്കിലെ നിഫാദിലാണ് സംഭവം.

കുറച്ചു ദിവസങ്ങളായി പുള്ളിപ്പുലിയെ പ്രദേശത്ത് കണാറുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നാട്ടിന്‍പുറത്തേക്ക് ഇറങ്ങിയ പുള്ളിപ്പുലിയെ കണ്ട് ആദ്യം തെരുവുനായ കുരച്ച് ഒച്ച വെച്ചു. പിന്നാലെ തെരുവുനായ പുള്ളിപ്പുലിയെ ആക്രമിച്ച് ദൂരത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയെന്നുമാണ് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നത്.

തെരുവുനായയുടെ പെട്ടെന്നുള്ള ആക്രമണത്തില്‍ പുള്ളിപ്പുലിക്ക് പിടിച്ച് നില്‍ക്കാന്‍ കഴിയാതെ വരികയായിരുന്നു. തെരുവുനായ പിടിവിട്ടതോടെ പുള്ളിപ്പുലി ജീവനും കൊണ്ട് സമീപത്തെ പാടത്തേക്ക് ഓടി രക്ഷപ്പെട്ടെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ തെരുവുനായക്ക് യാതൊരു പരുക്കുമില്ല. അതേസമയം പുള്ളിപ്പുലിക്ക് പരുക്കേറ്റതായും റിപോര്‍ട്ടുണ്ട്. പ്രദേശത്തുള്ളവരും വളര്‍ത്തുമൃഗങ്ങളും സുരക്ഷിതരാണെന്ന് ബന്ധപ്പെട്ട അധികാരികള്‍ പറഞ്ഞു. പുലിയെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ടെന്ന് വനംവകുപ്പ് അറിയിച്ചു.

.

