സുരേഷ് ഗോപിയുടെയും ജോർജ് കുര്യന്‍റെയും പ്രസ്താവനകളിൽ പ്രതിഷേധം ശക്തമാക്കി കേരളത്തിലെ ഇടത് എംപിമാർ

സുരേഷ് ഗോപിയുടെയും, ജോർജ് കുര്യന്‍റെയും പ്രസ്താവനയിൽ പ്രതിഷേധം ശക്തമാക്കി കേരളത്തിൽ നിന്നുള്ള ഇടത് എംപിമാർ. സുരേഷ് ഗോപിയുടെ പ്രസ്താവന ഭരണഘടന വിരുദ്ധമെന്നും മന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്നും ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു. വിഷയത്തിൽ കേരളത്തിലെ എംപിമാർ പാർലമെന്റിന് മുന്നിൽ പ്രതിഷേധിച്ചു. കുംഭമേള ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇരു സഭയിലും പ്രതിപക്ഷ പ്രതിഷേധവും ശക്തമായിരുന്നു.

ആദിവാസി വകുപ്പ് ഉന്നത കുലജാതർ കൈകാര്യം ചെയ്യണമെന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെയും, കേരളത്തെ തരം താഴ്ത്തുന്ന ജോർജ് കുര്യന്റെയും പ്രതാവനകളിൽ ശക്തമായ പ്രതോഷേധമാണ് ഇടത് എംപിമാർ സഭയിൽ ഉയർത്തിയത്. സുരേഷ് ഗോപിയുടെ പ്രസ്താവന ഭരണഘടനാ വിരുദ്ധമെന്നും, സുബോധമുള്ളവർ പറയുന്നതല്ല സുരേഷ് ഗോപിയും, ജോർജ് കുര്യനും പറയുന്നതന്നും മന്ത്രി സ്ഥാനത് നിന്ന് നീക്കണമെന്നും സിപിഐഎം രാജ്യസഭാ അംഗം ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു.

പാർലമെന്‍റിന്‍റെ പുറത്തും ഇടത് എംപിമാർ ശക്തമായി പ്രതിഷേധം ഉയർത്തി. സഭ നിർത്തിവെച്ചു വിഷയം ചർച്ച ചെയ്യണമെന്ന് സിപിഐ രാജ്യസഭാ അംഗം സന്തോഷ് കുമാർ നോട്ടിസ് നൽകി. എന്നാൽ ഇക്കാര്യങ്ങളിൽ മൗനം തുടരുകയാണ് യുഡിഎഫ് എംപിമാർ ചെയ്തത്. അതിനിടെ ഇരുവരെയും പിന്തുണച്ചു ബിജെപി നേതാവ് ബിജെപി നിർവഹക സമതി അംഗം അംഗം പികെ കൃഷ്ണദാസ് രംഗത്തെത്തി. കേരളത്തിന്റെ സാമ്പത്തിക അവസ്ഥയെക്കുറിച്ച് ലളിതമായി ജോർജ് കുര്യൻ വിശദീകരിച്ചതാണ്, അത് വിവാദമാക്കേണ്ടതില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപി തന്നെ നിലപാട് വ്യക്തമാക്കി, അതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നുമാണ് പികെ കൃഷ്ണദാസിന്റെ വിശദീകരണം.

