തൃശൂരിൽ നഗരസഭകളിൽ എൽഡിഎഫ് മുന്നേറ്റം
.
തൃശൂർ: തൃശൂർ ജില്ലയിൽ നഗരസഭകളിൽ എൽഡിഎഫിന് മികച്ച വിജയം. ഏഴിൽ അഞ്ച് നഗരസഭകളിലും ഭരണം നിലനിർത്തി. കഴിഞ്ഞ തവണ വിജയിച്ച രണ്ട് നഗരസഭകൾ യുഡിഎഫ് നിലനിർത്തി. ഗുരുവായൂർ, ചാവക്കാട്, വടക്കാഞ്ചേരി, കൊടുങ്ങല്ലുർ, കുന്നംകുളം നഗരസഭകളാണ് എൽഡിഎഫ് നിലനിർത്തിയത്.

46ൽ 27 വാർഡും വിജയിച്ചാണ് ഗുരുവായൂരിൽ എൽഡിഎഫ് വെന്നികൊടി പറപ്പിച്ചത്. യുഡിഎഫ് 16 വാർഡും എൻഡിഎ രണ്ടു വാർഡും നേടിയപ്പോൾ ഒരു സ്വതന്ത്രയും വിജയിച്ചു. ബിജെപിയേയും ജമാ അത്തെ ഇസ്ലാമിയേയും കൂട്ട് പിടിച്ച് ക്ഷേത്രനഗരിയുടെ ഭരണം പിടിച്ചെടുക്കാമെന്ന യുഡിഎഫ് നീക്കമാണ് തകർന്നടിഞ്ഞത്.

ചാവക്കാട് നഗരസഭയിലും ഉജ്ജ്വല വിജയമാണ് എൽഡിഎഫ് നേടിയത്. 33 വാർഡുകളിൽ 22ലും വിജയിച്ചാണ് എൽഡിഎഫിന്റെ കുതിപ്പ്. യുഡിഎഫ് 12 സീറ്റുകൾ നേടി. ബിജെപിയുമായി രഹസ്യമായും വെൽഫയർ പാർട്ടിയുമായി പരസ്യമായും സഖ്യമുണ്ടാക്കിയെങ്കിലും യുഡിഎഫിന് കാര്യമായ നേട്ടങ്ങളുണ്ടാക്കാനായില്ല. കൊടുങ്ങല്ലൂരിൽ 46 സീറ്റിൽ 23ഉം നേടിയാണ് എൽഡിഎഫ് ഭരണം നിലനിർത്തിയത്. ബിജെപി മുന്നണി 19 സീറ്റും യുഡിഎഫ് നാലുസീറ്റും നേടി.




