കൊച്ചിയിലെ തൊഴിൽ പീഡനം; ലേബർ ഓഫീസറോട് റിപ്പോർട്ട് തേടി മന്ത്രി വി ശിവൻകുട്ടി

കൊച്ചിയിൽ സ്വകാര്യ മാർക്കറ്റിംഗ് കമ്പനിയിൽ ടാർഗറ്റ് അച്ചീവ് ചെയ്യാത്ത ജോലിക്കാരെ ക്രൂരപീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ ഇടപെട്ട് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. കൃത്യമായ തൊഴിൽ നിയമങ്ങൾ നടപ്പിലാക്കുന്ന കേരളത്തിൽ പ്രാകൃതമായ നടപടിയാണ് സ്ഥാപനം സ്വീകരിച്ചിരിക്കുന്നത്. വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ എറണാകുളം ലേബർ ഓഫീസർക്ക് നിർദേശം നൽകുമെന്ന് മന്ത്രി പറഞ്ഞു.

വീടുകളിൽ പാത്രങ്ങളും മറ്റും വിൽക്കാൻ എത്തുന്ന ആളുകളെയാണ് ഇത്തരത്തിൽ ദിവസവും ടാർഗറ്റ് പൂർത്തിയാക്കാത്തതിന്റെ പേരിൽ ഉപദ്രവിക്കുന്നത്. സ്ഥാപന ഉടമ ഉബൈദിന്റെ പേരിലാണ് പരാതി ലഭിച്ചിരിക്കുന്നത്. മുൻപും ഇതേ കേസിൽ ഇയാൾ ജയിലിൽ പോയിരുന്നു. പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുകൾ ഉണ്ട്. സ്ഥാപനത്തിൽ ജോലിക്കായി എത്തുന്ന സ്ത്രീകളെ ദുരുപയോഗം ചെയ്തുവെന്ന പീഡന കേസിലെ പ്രതി കൂടിയാണ് സ്ഥാപനഉടമയായ ഉബൈദ്.
പെരിന്തൽമണ്ണ, കൊച്ചി എന്നിവിടങ്ങളിൽ നിയമനം നൽകാമെന്ന് പറഞ്ഞാണ് ഉദ്യോഗാർത്ഥികളെ ഇവർ വിളിച്ചു വരുത്തുന്നത്.

