KOYILANDY DIARY

The Perfect News Portal

ജനവാസ കേന്ദ്രമായ നടേലക്കണ്ടി പറമ്പിൽ ലേബർ ക്യാമ്പ്: ജനങ്ങൾ പ്രതിഷേധത്തിൽ

കൊയിലാണ്ടിയിലെ ജനവാസ കേന്ദ്രമായ നടേലക്കണ്ടി പറമ്പിൽ ലേബർ ക്യാമ്പ്. ജനങ്ങൾ പ്രതിഷേധത്തിൽ. കൊയിലാണ്ടി കോടതിക്ക് മുൻവശം ദേശീയപാതയുടെ കിഴക്ക് ഭാഗത്തായാണ് സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ ലേബർ ക്യാമ്പിൻ്റെ പ്രവർത്തനം ആരംഭിച്ചത്. കൊയിലാണ്ടി ബീച്ച്റോഡ് സ്വദേശി ഖാദർ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലം. പറമ്പിന് ചുറ്റും താമസക്കാരും മറ്റ് സ്ഥാപനങ്ങളുമാണ് പ്രവർത്തിക്കുന്നത്. കൊയിലാണ്ടി പഴയ ബസ്സ്സ്റ്റാൻ്റിൽ പുതുതായി നിർമ്മിക്കുന്ന നഗരസഭയുടെ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണ ചുമതലയുള്ള കരാർ കമ്പനിയാണ് 8 സെൻ്റ് സ്ഥലത്ത് 35ഓളം തൊഴിലാളികൾക്ക് താമസിക്കുന്നതിനുള്ള താൽക്കാലിക സൗകര്യം ഒരുക്കുന്നത്.

 

ഇത് പരിസരത്തുള്ള വീടുകളിലെ  കിണറുകൾ മലിനമാക്കുമെന്നാണ് നാട്ടുകാരുടെ പരാതി. സംഭവം നഗരസഭയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി പ്രദേശവാസികൾ കൊയിലാണ്ടി ഡയറിയോട് പറഞ്ഞു. നഗരസഭ ആരോഗ്യ വിഭാഗത്തിന് എഴുതി തയ്യാറാക്കിയ പരാതി ഇന്ന് തന്നെ കൊടുക്കുമെന്നും നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി ഇവിടെ പ്രവൃത്തി നടക്കുകയാണ്. സിമൻ്റ് കട്ടകൊണ്ട് താൽക്കാലിക ഷെഡിൻ്റെ തറ നിർമ്മിച്ച് കഴിഞ്ഞിട്ടുണ്ട്. ഇന്ന് കാലത്ത് മുതലാണ് ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കാംചെയ്യാൻ ആരംഭിച്ചത്.

ഇതിനോട് ചേർന്നുള്ള മറ്റൊരു അപ്പാർട്ട്മെൻ്റിൽ 50ഓളം തൊഴിലാളികളാണ് താമസിക്കുന്നത്. ഈ കെട്ടിടത്തിൻ്റെ കക്കൂസ് ടാങ്ക് നിർമ്മിച്ചത് കാലപ്പഴക്കം ചെന്ന വലിയ ആഴമുള്ള കിണറിലാണെന്നും നാട്ടുകാർ പറയുന്നു. ആഴമുള്ള കിണറിൽ ടാങ്ക് നിർമ്മിച്ചതോടെ ഈ ടാങ്കിൽ നിന്ന് മലിനജലം നേരിട്ട് കണറിലേക്ക് ഒഴുകുമെന്നും ഇവർ ഭയപ്പെടുന്നു. മഴ ശക്തമായി പെയ്താൽ ഇവിടെ താമസിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാകുമെന്നും നാട്ടുകാർ പറഞ്ഞു.

Advertisements