KOYILANDY DIARY

The Perfect News Portal

കുറ്റ്യാടി കനാൽ 20 നു തുറക്കും.

കുറ്റ്യാടി കനാൽ 20 നു തുറക്കും. കൊയിലാണ്ടി താലൂക്കിലേക്കുള്ള  ഇടതുകര പ്രധാന കനാൽ ആദ്യം തുറക്കാൻ തീരുമാനം.  കലക്ടർ ചെയർമാനായ ഉപദേശക സമിതി യോഗത്തിലാണ് തീരുമാനം. പ്രധാന കനാലിൽനിന്നുള്ള ബ്രാഞ്ച് കനാലുകളും ഡിസ്ട്രിബ്യൂട്ടറികളും തുറക്കുന്നത് അതത് പ്രദേശത്തെ പഞ്ചായത്ത് പ്രസിഡണ്ടുമാർ, പാടശേഖര സമിതി ഭാരവാഹികൾ, കൃഷി ഓഫീസർമാർ, കർഷകർ എന്നിവരുടെ അഭിപ്രായങ്ങൾകൂടി പരിഗണിച്ചായിരിക്കും.
അരനൂറ്റാണ്ട് മുമ്പ് നിർമിച്ച കനാലിൻ്റെ പലഭാഗങ്ങളും തകർന്നിട്ടുണ്ട്‌. വടകര താലൂക്കിൽ  നവീകരണം  പൂർത്തിയാക്കിയ ശേഷം തുറക്കും. മരുതോങ്കര മുണ്ടക്കുറ്റി ഭാഗത്ത് തകർന്ന വലതുകര പ്രധാന കനാൽ കോൺക്രീറ്റ് ചെയ്ത്‌ ബലപ്പെടുത്തി. പുതിയ ദേശീയപാതാ നിർമാണത്തിനായി ഇരിങ്ങൽ ബ്രാഞ്ച് കനാൽ പത്തിടത്ത് പൊളിച്ചിരുന്നു. ഇവിടെ പുനർനിർമിച്ച ശേഷമേ ജലവിതരണം നടക്കൂ.
ആവർത്തന ചെലവ് വരുന്നവ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റെടുക്കരുതെന്ന കേന്ദ്ര സർക്കാർ നിർദേശം വന്നതോടെ രണ്ടുവർഷമായി കനാലുകളുടെ  ശുചീകരണം മുടങ്ങിയിരുന്നു. ഈ സാഹചര്യത്ത്ലാണ് റിപ്പബ്ലിക്‌ ദിനത്തിൽ കർഷകസംഘം അരലക്ഷം പേരെ പങ്കെടുപ്പിച്ചു കനാലുകൾ ശുചീകരിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരി 24 നാണ് കനാൽ തുറന്നത്.  ശോച്യാവസ്ഥകാരണം പല ഭാഗങ്ങളിലും വെള്ളമെത്തിക്കാൻ കഴിഞ്ഞിരുന്നില്ല. കർഷകസംഘത്തിൻ്റെ ഇടപെടലിലൂടെയാണ്  ഇത്തവണ നേരത്തെ കനാൽ തുറക്കാൻ സാധിച്ചത്.