KOYILANDY DIARY.COM

The Perfect News Portal

മീൻ ലഭ്യത കുറഞ്ഞേക്കുമെന്ന് കുഫോസ്‌ പഠനം; റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചു

കൊച്ചി: കപ്പലപകടം കടൽമീനുകളുടെ പ്രജനനം, ലഭ്യത എന്നിവയെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന്‌ കുഫോസ്‌ പഠനറിപ്പോർട്ട്. എന്നാൽ, കടൽമീനുകൾ കഴിക്കുന്നതിൽ ആശങ്ക വേണ്ടെന്ന്‌ റിപ്പോർട്ടിൽ പറയുന്നു. എംഎസ്‌സി എൽസ അപകടത്തെതുടർന്ന് കടലിൽ കുഫോസ്‌ സംഘം നടത്തിയ പഠനത്തിന്റെ റിപ്പോർട്ട്‌ സംസ്ഥാന സർക്കാരിന്‌ സമർപ്പിച്ചു.

മീൻമുട്ട പഠനവിധേയമാക്കിയപ്പോഴാണ്‌ മത്സ്യത്തിന്റെ പ്രജനനം, ലഭ്യത എന്നിവയെ അപകടം പ്രതികൂലമായി ബാധിച്ചേക്കാമെന്ന്‌ സൂചന ലഭിച്ചത്‌. അയല, നത്തോലി മീനുകളുടെ മുട്ടയാണ്‌ പഠനവിധേയമാക്കിയത്‌. മുട്ട കേടായി ചുരുങ്ങിയ നിലയിലാണ്. ജലത്തിന്റെ പിഎച്ച്‌ മൂല്യത്തിലുണ്ടായ വ്യതിയാനമാണ്‌ കാരണമെന്നാണ്‌ കരുതുന്നത്‌. വരുന്ന സീസണിൽ ഇത്‌ മീൻ ലഭ്യത കുറച്ചേക്കാം. കണ്ടെയ്‌നറുകളിലെ വസ്‌തുക്കൾ ജലത്തിൽ കലർന്നാണ്‌ പിഎച്ച്‌ മൂല്യത്തിലടക്കം വ്യതിയാനമുണ്ടായതെന്നാണ്‌ നിഗമനം. ഇത്‌ ഉറപ്പാക്കിയിട്ടില്ല. കൊല്ലത്തെ സമുദ്രഭാഗങ്ങളിൽനിന്നാണ്‌ മീൻമുട്ട ശേഖരിച്ചത്.

 

നേരത്തെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫിഷറീസ്‌ ടെക്‌നോളജി (സിഫ്‌റ്റ്‌)യും സെൻട്രൽ മറൈൻ ഫിഷറീസ്‌ റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ടും (സിഎംഎഫ്‌ആർഐ) പഠനം നടത്തിയിരുന്നു. മീൻ ഭക്ഷ്യയോഗ്യമാണെന്നും അസാധാരണ വസ്‌തുക്കളുടെ സാന്നിധ്യം കണ്ടെത്തിയില്ലെന്നുമായിരുന്നു ഇരുസ്ഥാപനങ്ങളുടെയും റിപ്പോർട്ട്‌. ഇതുമായി ബന്ധപ്പെട്ട്‌ പഠനം നടത്താനും ജനങ്ങളുടെ ആശങ്ക അകറ്റാനും സർക്കാർ ഫിഷറീസ്‌ സ്‌പെഷ്യൽ സെക്രട്ടറി കോ ഓർഡിനേറ്ററായി സമിതിയെ നിയോഗിച്ചിട്ടുണ്ട്‌. പ്രാഥമിക റിപ്പോർട്ട്‌ വൈകാതെ സമർപ്പിക്കും.

Advertisements

 

Share news