KOYILANDY DIARY

The Perfect News Portal

ആയിരത്തിലധികം പേർക്ക്‌ ഉച്ചഭക്ഷണം നൽകി ഹിറ്റായി കുടുംബശ്രീയുടെ “ലഞ്ച്‌ബെൽ’

തിരുവനന്തപുരം: ഒരാഴ്ചയിൽ ആയിരത്തിലധികം പേർക്ക്‌ ഉച്ചഭക്ഷണം നൽകി ഹിറ്റായി കുടുംബശ്രീയുടെ “ലഞ്ച്‌ബെൽ’. കഴിഞ്ഞ അഞ്ചിനാണ്‌ മന്ത്രി എം ബി രാജേഷ്‌ പദ്ധതി തലസ്ഥാനത്ത്‌ ഉദ്‌ഘാടനം ചെയ്തത്‌. ചൊവ്വാഴ്ച കൃത്യം ഏഴ്‌ ദിവസം പിന്നിടുമ്പോഴാണ്‌ ഈ നേട്ടം.  ആദ്യദിനമായ ആറിന്‌ 150 പേരാണ്‌ ഉച്ചഭക്ഷണം ഓർഡർ ചെയ്തത്‌. പിന്നീടുള്ള ആറ്‌ ദിവസവും ഇരുനൂറോളം പേർക്ക്‌ ഭക്ഷണം നൽകി. വീട്ടിൽനിന്ന്‌ പ്രിയപ്പെട്ടവർ പൊതിഞ്ഞു നൽകുന്ന ചോറുപൊതിയുടെ അതേ രുചിയിൽ സ്റ്റീൽ പാത്രത്തിലാണ്‌ വെജ്‌, നോൺവെജ്‌ വിഭാഗങ്ങളിലായി കുടുംബശ്രീ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും ബാങ്കുകളിലും അടക്കം എത്തിച്ചത്‌. പാചകവും വിതരണവും കുടുംബശ്രീ പ്രവർത്തകർ തന്നെയാണ്‌. 

99 രൂപയ്ക്ക് ഇറച്ചിയോ മീനോ ഉൾപ്പെടുത്തിയ ചോറും 60 രൂപയ്ക്ക്‌ വെജ്‌ ഊണുമാണ്‌ ലഭിക്കുക. ശ്രീകാര്യത്തെ യൂണിറ്റിൽ ഏഴുപേർ ചേർന്നാണ്‌ പാചകം. ഡെലിവറിക്ക്‌ 15 പേരും. കുടുംബശ്രീയുടെ ഫുഡ് ഡെലിവറി ആപ് “പോക്കറ്റ്മാർട്ട്’ വഴിയാണ് ഓർഡർ സ്വീകരിക്കുന്നത്. ഓരോ ദിവസത്തെയും ഉച്ചഭക്ഷണം തലേന്ന്‌ രാത്രി മുതൽ രാവിലെ ഏഴുവരെ ഓർഡർ ചെയ്യാം. പകൽ 12നുമുമ്പായി ഭക്ഷണം ലക്ഷ്യസ്ഥാനത്തെത്തും. രണ്ടിനകം ലഞ്ച് ബോക്‌സ്‌ തിരികെ കൊണ്ടുപോകാനും ആളെത്തും. നിലവിൽ നഗരപരിധിയിൽ മാത്രമാണ്‌ വിതരണം. പദ്ധതി വിജയം കണ്ടാൽ രണ്ടുമാസത്തിനുള്ളിൽ ജില്ലയിലെ മറ്റിടങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. തുടർന്ന്, രണ്ടാം ഘട്ടമായി എറണാകുളത്ത് പദ്ധതി നടപ്പാക്കും.