നെയ്യാര്‍ മേഖല ക്യാമ്പിലെ കൂട്ടത്തല്ലിൽ കെപിസിസി അന്വേഷണസമിതിക്കെതിരെ പരാതി നൽകി കെഎസ്‌യു

തിരുവനന്തപുരം: നെയ്യാര്‍ മേഖല ക്യാമ്പിലെ കൂട്ടത്തല്ലിൽ കെപിസിസി അന്വേഷണസമിതിക്കെതിരെ പരാതി നൽകി കെഎസ്‌യു. കെപിസിസി അച്ചടക്ക സമിതിക്കാണ് കെഎസ്‌യു സംസ്ഥാന കൺവീനർ പരാതി നൽകിയത്. അന്വേഷണ റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നാണ് കെഎസ്‌യു സതീശൻ വിഭാഗത്തിന്റെ ആരോപണം. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ താൽപര്യമാണ് കമ്മിറ്റി റിപ്പോർട്ടിൽ നൽകിയതെന്ന് ആരോപണമുണ്ട്.

സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യറിന് ധാര്‍ഷ്‌ട്യമെന്ന് കെപിസിസി അന്വേഷണസമിതി റിപ്പോർട്ടിൽ ഉണ്ടായിരുന്നു. കെപിസിസി അന്വേഷണ സമിതിയോട് കെഎസ്‍യു പ്രസിഡണ്ട് സഹകരിച്ചില്ല. നേതൃത്വത്തിനുണ്ടായത് ഗുരുതര സംഘടനാ വീഴ്‌ചയാണ്. അടിമുടി മാറ്റം വേണം. കൂട്ടത്തല്ലില്‍ ഒരാളുടെ ഞരമ്പ് അറ്റുപോയി. ജമ്പോ കമ്മിറ്റികള്‍ പൊളിച്ചെഴുതണമെന്നും അന്വേഷണസമിതി ശുപാര്‍ശ ചെയ്‌തിരുന്നു.

കെഎസ്‌യു തെക്കൻ മേഖലാ നേതൃത്വ പരിശീലന ക്യാംപിലായിരുന്നു കൂട്ടത്തല്ല്. ക്യാംപ് അംഗങ്ങൾ ഇരുവിഭാഗങ്ങളായി ചേരിതിരിഞ്ഞുണ്ടായ സംഘർഷത്തിൽ നിയോജക മണ്ഡലം പ്രസിഡന്റുമാരായ 2 പേർക്കു പരിക്കേറ്റിരുന്നു. നെയ്യാർ ഡാം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് സ്റ്റഡീസിൽ 3 ദിവസമായി നടന്ന ക്യാംപിന്റെ രണ്ടാം ദിവസം രാത്രിയാണ് സംഘർഷം ഉടലെടുത്തത്. പത്തരയോടെ ഡിജെ പാർട്ടിയുടെ ഭാഗമായി നാടൻ പാട്ട് നടക്കവേ, പ്രവർത്തകർ നൃത്തം ചെയ്യുന്നതിനിടെ അഭിജിത്തും കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് അൽ അമീനും തമ്മിൽ വാക്കേറ്റമുണ്ടായി.

തുടർന്ന് ക്യാംപ് അംഗങ്ങൾ ചേരിതിരിഞ്ഞു തമ്മിലടിച്ചു. ക്യാംപ് അംഗങ്ങളിൽ പലരും മദ്യപിച്ചിരുന്നതായി ഇരു വിഭാഗവും ആരോപിച്ചു. ക്യാംപ് നടത്തുന്ന കാര്യം കെപിസിസിയുമായി ആലോചിച്ചിരുന്നില്ല. അറിയിച്ചിരുന്നെങ്കിൽ ക്യാംപ് ഡയറക്ടറെ നിയോഗിക്കുമായിരുന്നു. കെപിസിസി പ്രസിഡന്റിനെ ക്യാംപിലേക്ക് ക്ഷണിച്ചുമില്ല. കെപിസിസി സെക്രട്ടറിമാരായ പഴകുളം മധു, എം എം നസീർ, ദലിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എ കെ ശശി എന്നിവരാണ് അന്വേഷണം നടത്തിയത്. നസീർ നെയ്യാറിലെ ക്യാംപിൽ സംസ്ഥാന കമ്മിറ്റിയോഗം വിളിച്ച് തെളിവെടുപ്പു നടത്തി.

