ഗ്രാമീണ, മലയോര മേഖലകളിൽ കുട്ടിബസുമായി കെഎസ്‌ആർടിസി

തിരുവനന്തപുരം: ഗ്രാമീണ, മലയോര മേഖലകളിൽ കുട്ടിബസുമായി കെഎസ്‌ആർടിസി. 28–32 സീറ്റുള്ള ബസുകളാണ് പുറത്തിറക്കുന്നത്. ഡീസൽചെലവ് കുറയ്‌ക്കാൻ കഴിയുമെന്നതാണ് നേട്ടമായി മന്ത്രി കെ ബി ഗണേഷ്‌കുമാർ പറയുന്നത്. ടാറ്റയുടെ 32 സീറ്റുള്ള ബസിന്റെ ട്രയൽ റൺ അദ്ദേഹം വ്യാഴാഴ്‌ച നടത്തി. കെഎസ്‌ആർടിസി സിഎംഡിയും വിവിധ ഉദ്യോഗസ്ഥരും പങ്കെടുത്തു. ചാക്ക മുതൽ ശംഖുംമുഖംവരെ മന്ത്രി ബസ് ഓടിച്ചു. 8.63 മീറ്റർ നീളവും 2.3 മീറ്റർ വീതിയുമുള്ള ബസ് ടാറ്റയുടെ മാർക്കപോളോ സീരീസിൽപ്പെടുന്നതാണ്.

ഇടുങ്ങിയ റോഡിലും ജനസാന്ദ്രത കുറഞ്ഞ സ്ഥലങ്ങളിലൂടെയുമാണ് കുട്ടിബസ് ഓടിക്കുക. വെള്ളി മുതൽ രാവിലെ 6.40 മുതൽ പത്തനാപുരം ഡിപ്പോയിൽനിന്ന് കൊട്ടാരക്കരയിലേക്ക് പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തും. നിലവിലുള്ള ഓർഡിനറി ബസിന് പകരമാകുമിത്. കുര, മൈലം വഴി 50 മിനിറ്റുകൊണ്ട് കൊട്ടാരക്കരയിൽ എത്തും. തിരികെ 7.40നാണ് സർവീസ്. ദിവസം എട്ട് സർവീസുണ്ടാകും.

നോൺ എസിയാണ്. യാത്രക്കാർക്ക് നിന്നും യാത്ര ചെയ്യാം. പത്തുദിവസത്തിനുശേഷം തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയിലും പരീക്ഷണാടിസ്ഥാനത്തിൽ മിനി ബസ് സർവീസ് നടത്തും. കൂടുതൽ വാഹന നിർമാതാക്കൾ ബസ് നൽകാൻ താൽപ്പര്യം അറിയിച്ചിട്ടുണ്ട്. പഴയ കെഎസ്‌ആർടിസി മാറ്റി പകരം കുട്ടിബസുകൾ അനുവദിക്കും. പുതിയ റൂട്ടുകളിലും സർവീസ് നടത്തും.

