KOYILANDY DIARY

The Perfect News Portal

അന്തർസംസ്ഥാന റൂട്ടിൽ വാടക ബസുകൾ ഓടിക്കാൻ കെഎസ്‌ആർടിസി

തിരുവനന്തപുരം: അന്തർസംസ്ഥാന റൂട്ടിൽ വാടക ബസുകൾ ഓടിക്കാൻ കെഎസ്‌ആർടിസി. ഇതിനായി 50 ബസുകൾക്കായി ടെൻഡർ ക്ഷണിച്ചു. കെഎസ്‌ആർടിസി അന്തർസംസ്ഥാന സർവീസ്‌ നടത്തുന്ന ബസുകളിൽനിന്നാണ്‌ ടെൻഡർ ക്ഷണിച്ചത്‌. കെഎസ്‌ആർടിസി നിശ്ചയിക്കുന്ന നിരക്കായിരിക്കും ബസുകളിൽ ഈടാക്കുക. കണ്ടക്ടർ, ഡ്രൈവർ എന്നിവരും അവരുടെ വേതനം ഉൾപ്പെടെയുള്ള കാര്യവും സ്വകാര്യ ബസ്‌ ഉടമകളുടെ ഉത്തരവാദിത്വമായിരിക്കും.

ഇന്ധന ചെലവും കെഎസ്‌ആർടിസി വഹിക്കില്ല. പകരം നിശ്ചിത തുക ദിവസവും കെഎസ്‌ആർടിസിക്ക്‌ നൽകണം. കെഎസ്‌ആർടിസിയുടെ നിറമായിരിക്കും പദ്ധതി നടപ്പായാൽ ഇത്തരം ബസുകൾക്കും. കർണാടകത്തിലേക്കാണ്‌ ആദ്യഘട്ടത്തിൽ ഇത്തരത്തിൽ സർവീസ്‌ പരിഗണിക്കുന്നത്‌. ചെന്നൈ, മധുര, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്കും സർവീസ്‌ നടത്തുന്നതിന്‌ ആലോചനയുണ്ട്‌. പുതിയ ബസുകൾ വാങ്ങുന്നത്‌ സാമ്പത്തിക പ്രയാസത്തെതുടർന്ന്‌  നീണ്ടുപോയ സാഹചര്യത്തിലാണ്‌ വാടക ബസ്‌ പദ്ധതിയെക്കുറിച്ച്‌ ആലോചിക്കുന്നത്‌.

 

എന്നാൽ, പദ്ധതിക്ക്‌ സർക്കാർ അനുമതി നൽകിയില്ല. കൂടുതൽ ചർച്ചകൾക്ക്‌ ശേഷമാകും തീരുമാനം. അതേസമയം അന്തർസംസ്ഥാന കരാർ പ്രകാരം 250 ബസുകൾക്ക്‌ അനുമതി ആവശ്യപ്പെട്ട്‌ കർണാടകം സമീപിച്ചതായി ഗതാഗതവകുപ്പ്‌ സ്ഥിരീകരിച്ചു. മംഗളൂരു, ബംഗളൂരു എന്നിവിടങ്ങളിൽനിന്ന്‌ കേരളത്തിലേക്ക്‌ സർവീസ്‌ നടത്തുന്നതിനാണ്‌ താൽപ്പര്യം അറിയിച്ചത്‌.

Advertisements