KOYILANDY DIARY

The Perfect News Portal

സംസ്ഥാനത്ത് ആന്റിബയോട്ടിക് സ്‌മാർട് ആശുപത്രികൾ യാഥാർത്ഥ്യത്തിലേക്ക്; മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ആന്റിബയോട്ടിക് സ്‌മാർട് ആശുപത്രികൾ യാഥാർത്ഥ്യത്തിലേക്കെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇതിനായി ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിന് മാർഗനിർദേശ പ്രകാരമുള്ള 10 ലക്ഷ്യങ്ങൾ സാക്ഷാത്ക്കരിക്കുന്ന ആശുപത്രികളേയാണ് ആന്റിബയോട്ടിക് സ്‌മാർട് ആശുപത്രികളായി പ്രഖ്യാപിക്കുന്നത്.

എല്ലാ ആശുപത്രികളേയും സമയബന്ധിതമായി സ്‌മാർട് ആശുപത്രികളാക്കാനാണ് ലക്ഷ്യമിടുന്നത്. കോഴിക്കോട് ജില്ലയിലെ കക്കോടി കുടുംബാരോഗ്യ കേന്ദ്രം രാജ്യത്തെ ആദ്യത്തെ ആന്റിബയോട്ടിക് സ്‌മാർട് ആശുപത്രിയായി മാറി. കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. ദിവ്യയേയും മറ്റ് ടീം അംഗങ്ങളേയും ജില്ലാ എഎംആർ കമ്മിറ്റിയേയും മന്ത്രി അഭിനന്ദിച്ചു. ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് അഥവാ രോഗത്തിന് കാരണമാകുന്ന, പ്രത്യേകിച്ച് ബാക്ടീരിയ മരുന്നുകളോട് പ്രതിരോധം തീർക്കുന്ന അവസ്ഥ ആഗോള ആരോഗ്യ ഭീഷണിയാണ്.

 

ആന്റിബയോട്ടിക്കുകളുടെ അമിതവും അനാവശ്യവുമായ ഉപയോഗം തടയുന്നതിന് സംസ്ഥാന സർക്കാർ ശാസ്ത്രീയമായ കർമപരിപാടി ആവിഷ്‌കരിച്ചിട്ടുണ്ട്. ‘ആന്റിബയോട്ടിക് സാക്ഷര കേരളം’ എന്നതാണ് ലക്ഷ്യം. ഇതിനായി രാജ്യത്ത് ആദ്യമായി ജില്ലാതലത്തിലും ബ്ലോക്ക് തലത്തിനും എഎംആർ കമ്മിറ്റികൾ രൂപീകരിച്ചു. ‘ആന്റിബയോട്ടിക് സാക്ഷര കേരളം’, ‘സ്‌മാർട് ഹോസ്‌പിറ്റൽ’ എന്നിവ കേരളത്തിന്റെ മാത്രം ആശയങ്ങളാണ്. ഇത് പ്രാവർത്തികമാക്കുന്നതിന് ഒട്ടേറെ പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത് – മന്ത്രി പറഞ്ഞു.

Advertisements

 

കേരള എഎംആർ സർവെലൻസ് നെറ്റ് വർക്കിൽ ഒട്ടേറെ ആശുപത്രികൾ ചേർന്നു കഴിഞ്ഞു. ഇതിൽ നിന്നും മാറി നിൽക്കുന്ന ചില ആശുപത്രികളുമുണ്ട്. അവയെ സർവെലൻസ് നെറ്റ് വർക്കിന്റെ ഭാഗമാക്കാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. 2023 ഓഗസ്റ്റ് മാസത്തിലാണ് ബ്ലോക്ക് തല എഎംആർ കമ്മിറ്റികളുടെ മാർഗനിർദേശങ്ങൾ സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കിയത്. ഒരാഴ്‌ച നീണ്ട ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് ബോധവൽക്കരണത്തിന്റെ ഭാഗമായി ഒട്ടേറെ പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടന്നു വരുന്നതെന്നും മന്ത്രി വ്യക്തമാക്കി.