KOYILANDY DIARY

The Perfect News Portal

പത്ത് എസി സൂപ്പർഫാസ്‌റ്റ്‌ പ്രീമിയം ബസുകൾ വാങ്ങനൊരുങ്ങി KSRTC

തിരുവനന്തപുരം: എസി സൂപ്പർഫാസ്‌റ്റ്‌ പ്രീമിയം സർവീസ്‌ തുടങ്ങാൻ കെഎസ്‌ആർടിസി. ടാറ്റയുടെ ബസ്‌ പരീക്ഷണ ഓട്ടത്തിനായി എത്തിച്ചു. അടുത്തദിവസം തിരുവനന്തപുരം എറണാകുളം റൂട്ടിലായിരിക്കും പരീക്ഷണ ഓട്ടം. വിജയമാണെന്ന്‌ കണ്ടാൽ കൂടുതൽ ബസുകൾ വാങ്ങും. നിലവിൽ ഈ ക്ലാസിൽ സർവീസുകളൊന്നും കെഎസ്‌ആർടിസി നടത്തുന്നില്ല. അതിനാൽ പുതിയ ടിക്കറ്റ്‌ നിരക്ക്‌ ഏർപ്പെടുത്തും. ഏറ്റവും കൂടുതൽ യാത്രക്കാരുള്ള റൂട്ടാണ്‌ തിരുവനന്തപുരം – കോഴിക്കോ‌ട്‌, കോഴിക്കോട്‌ – തിരുവനന്തപുരം.

10 ബസ്സുകൾ വാങ്ങുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. ബസിൽ 40 സീറ്റുകളാണ് ഉള്ളത്. സീറ്റുകൾക്കുള്ള യാത്രക്കാരെ കിട്ടിയാൽ നോൺ സ്‌റ്റോപ്പായി സർവീസ് നടത്തും. ഉദാഹരണമായി തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുന്ന ബസിൽ നാൽപ്പത് പേരും അതേ സ്ഥലത്തേക്കാണ് ടിക്കറ്റ് എടുത്തിട്ടുള്ളതെങ്കിൽ മറ്റ് എവിടെയും സ്‌റ്റോപ്പ് ഉണ്ടാകില്ല. നിന്ന് യാത്ര ചെയ്യാൻ അനുവദിക്കില്ല. കാർ യാത്രക്കാരെയും ബിസിനസ് യാത്രക്കാരെയും ആകർഷിക്കുകയാണ് ലക്ഷ്യം. ഒരുമാസംമുമ്പ്‌വരെയുള്ള ടിക്കറ്റ് മുൻകൂട്ടി റിസർവ് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും. സംസ്ഥാനത്തിനകത്ത് മാത്രമായിരിക്കും സർവീസ്.
Advertisements
വിവിധ ജില്ലകളിലേക്ക് സർവീസ് നടത്തുന്ന 23 മിന്നൽ സർവീസുകളും മുഖം മിനുക്കി തുടങ്ങി. ഫിറ്റ്‌നസ് ടെസ്‌റ്റിന് കയറ്റുന്ന ബസുകൾക്ക് പെയിൻ്റടിച്ചും പുഷ്ബാക്ക് സീറ്റുകൾ ഒരേനിറത്തിലാക്കിയുമാണ് പുറത്തിറക്കുന്നത്. കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിൻ്റെ ഭാഗമാണ് നടപടി.
ടിക്കറ്റ് റിസർവ് ചെയ്യുന്നതിനിടെ സാങ്കേതികപ്പിഴവാൽ പണം നഷ്‌ടപ്പെടുന്നവർക്ക് തുക തിരികെ നൽകുമെന്ന് കെഎസ്ആർടിസി. സർവീസ് റദ്ദാക്കിയാൽ 24 മണിക്കൂറിനകം തുക തിരികെ നൽകും. പുതിയ ഓൺലൈൻ റിസർവേഷൻ നയത്തിലാണ് ഉറപ്പ്. അടുത്ത ദിവസം ഉത്തരവിറങ്ങും. ഓൺലൈൻ റിസർവേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ, പരാതികൾ എന്നിവയ്ക്ക് rsnksrtc@kerala.gov.in എന്ന ഇ – മെയിലിൽ ബന്ധപ്പെടാം.