അന്തർസംസ്ഥാന റൂട്ടുകളിൽ സ്വകാര്യബസുകൾ ഏറ്റെടുക്കാനൊരുങ്ങി കെഎസ്ആർടിസി സ്വിഫ്റ്റ്
തിരുവനന്തപുരം: അന്തർസംസ്ഥാന റൂട്ടുകളിൽ സർവീസ് വിപുലമാക്കാൻ സ്വകാര്യബസുകൾ ഏറ്റെടുക്കാനൊരുങ്ങി കെഎസ്ആർടിസി സ്വിഫ്റ്റ്. കെഎസ്ആർടിസി തീരുമാനപ്രകാരം സർവീസ് നടത്തുന്ന ബസ് ഉടമകൾ ടിക്കറ്റ് വരുമാനത്തിന്റെ നിശ്ചിത തുക കെഎസ്ആർടിസിക്ക് നൽകുംവിധമാണ് പദ്ധതി. ഏറ്റെടുക്കുന്ന ബസുകൾക്ക് സംസ്ഥാനത്തെ റോഡ് നികുതി ഒഴിവാക്കും.

നിലവിൽ 45 സീറ്റിന്റെ പുഷ്ബാക്ക് സീറ്റ് ബസുകൾക്ക് മൂന്നുമാസത്തേക്ക് 45,000 രൂപയാണ് നികുതി. സെമിസ്ലീപ്പറിന് സീറ്റൊന്നിന് 2,000 രൂപയും സ്ലീപ്പറിന് 3,000 രൂപയും നൽകണം. ഓൾ ഇന്ത്യ പെർമിറ്റ് എടുക്കുന്നവയ്ക്ക് ഒരു വർഷത്തേക്ക് മൂന്നു ലക്ഷവും മൂന്ന് മാസത്തേക്ക് 90,000 രൂപയും അടയ്ക്കണം. ബസും ജീവനക്കാരുമെല്ലാം സ്വകാര്യ ഉടമകളുടേതായിരുക്കും. അനധികൃത സ്വകാര്യ ബസുകൾ ഒഴിവാക്കി സർക്കാർ ടിക്കറ്റ് നിരക്കിൽ കൂടുതൽ ബസുകൾ ഏർപ്പെടുത്തുകയാണ് ലക്ഷ്യം.

പാലക്കാട്–-ബംഗളൂരു പാതയിൽ ഇത്തരത്തിൽ സർവീസ് ആരംഭിക്കാനുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണ്. സ്ലീപ്പർ, സെമി സ്ലീപ്പർ വിഭാഗത്തിൽ ഏതു ബസും കെഎസ്ആർടിസി സ്വീകരിക്കും. ആഘോഷ വേളകളിലുൾപ്പെടെ സ്വകാര്യബസുകൾ അമിത നിരക്ക് ഈടാക്കുന്ന സ്ഥിതി പദ്ധതി ആരംഭിക്കുന്നതോടെ നിയന്ത്രിക്കാനാകും. മുതൽമുടക്കില്ലാത്ത വരുമാനമാണ് പുതിയ നീക്കം യാഥാർത്ഥ്യമായാൽ കെഎസ്ആർടിസിക്ക് ലഭിക്കുക.

