കെഎസ്ആർടിസി പെൻഷൻ രണ്ടാഴ്ചയ്ക്കുള്ളിൽ വിതരണം ചെയ്യും

കൊച്ചി: കെഎസ്ആർടിസിയിലെ പെൻഷൻ രണ്ടാഴ്ചയ്ക്കുള്ളിൽ വിതരണം ചെയ്യാനാകുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സഹകരണ ബാങ്കുകളുടെ കൺസോർഷ്യംവഴി പെൻഷൻ വിതരണം ചെയ്യാൻ സർക്കാർ ഉത്തരവിറക്കിയതിന്റെ പകർപ്പ് കോടതിക്ക് കൈമാറി.

ധാരണപത്രം ഒപ്പിട്ടാൽ 2023 ഡിസംബർ മുതൽ 2024 ഒക്ടോബർ വരെയുള്ള പെൻഷൻ തുക വിതരണം ചെയ്യാനാകുമെന്ന് സർക്കാർ അറിയിച്ചു. മൂന്നുമാസമായി പെൻഷൻ മുടങ്ങിയത് ചോദ്യം ചെയ്ത് കെഎസ്ആർടിസി മുൻ ജീവനക്കാർ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് സർക്കാരിന്റെ വിശദീകരണം. വിശദീകരണം രേഖപ്പെടുത്തിയ കോടതി ഹർജി 28ന് പരിഗണിക്കാൻ മാറ്റി.

