KOYILANDY DIARY.COM

The Perfect News Portal

കെഎസ്ആർടിസി ഡ്രൈവറെയും കണ്ടക്ടറെയും മറുനാടൻ തൊഴിലാളികൾ മർദിച്ചു

പോത്തൻകോട്: ബസ് ഡിപ്പോയ്ക്കുള്ളിൽ കയറി കെഎസ്ആർടിസി ഡ്രൈവറെയും കണ്ടക്ടറെയും മറുനാടൻ തൊഴിലാളികൾ മർദിച്ചു. കെഎസ്ആർടിസി വികാസ് ഭവൻ ഡിപ്പോയിലെ ഡ്രൈവർ കോഴിക്കോട് കക്കോടി ജയപുരിയിൽ കെ. ശശികുമാറി(51)നും കണ്ടക്ടർ പോത്തൻകോട് സ്വദേശി അൻസർഷാ(39)യ്ക്കുമാണ് മർദനമേറ്റത്. ഇരുവരും കന്യാകുളങ്ങര ഗവ. ആശുപത്രിയിൽ ചികിത്സതേടി. 

മർദനത്തെത്തുടർന്ന് മൂന്ന് മറുനാടൻതൊഴിലാളികളെ നാട്ടുകാർ ചേർന്നു പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പശ്ചിമബംഗാൾ സ്വദേശികളായ ഹൈദർ അലി (31), സമീർ ഭൗമിക് (27), അസാം സ്വദേശി മിഥുൻദാസ് (27) എന്നിവരാണ്‌ പിടിയിലായത്. ഞായറാഴ്ച വൈകീട്ട് മൂന്നര മണിയോടുകൂടി പോത്തൻകോട് കെഎസ്ആർടിസി ബസ് ടെർമിനലിൽ ബസിൽക്കയറിയായിരുന്നു മർദനം. 

ശശികുമാറിൻറെ വലതുകൈയിലെ വിരലിനു ഗുരുതര പരിക്കുണ്ട്. അൻസർഷായുടെ വയറ്റിൽ ചവിട്ടേറ്റിട്ടുണ്ട്. ഹൈദർ അലി, സമീർ ഭൗമിക് എന്നിവരാണ് മർദിച്ചതെന്ന് പോത്തൻകോട് പോലീസ് പറഞ്ഞു. പോത്തൻകോടിനടുത്ത് പ്ലാമൂട് ബസ് സ്റ്റോപ്പിൽനിന്ന് നൂറ്‌ മീറ്റർ മാറിനിന്ന മദ്യലഹരിയിലായിരുന്ന തൊഴിലാളികൾ റോഡിൻറെ മധ്യഭാഗത്തുനിന്നുകൊണ്ട് ബസിനു കൈകാണിച്ചതിനുശേഷം ബസിൽ ശക്തമായി അടിച്ചു. ഡ്രൈവർ ബസ് നിർത്താതെ കെഎസ്ആർടിസി പോത്തൻകോട് ബസ് ടെർമിനലിലേക്ക് യാത്ര തുടർന്നു.

Advertisements

എന്നാൽ തൊഴിലാളികൾ പിന്നാലെ വന്ന മറ്റൊരു ബസിൽക്കയറി ഡിപ്പോയിലെത്തി ബസിനുള്ളിൽക്കയറി ഡ്രൈവറെ ക്രൂരമായി മർദിച്ചു. മർദനത്തിനിടെ വലതുകൈയിലെ വിരൽ പിടിച്ചൊടിച്ചു. ശശികുമാറിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അൻസർഷായുടെ വയറ്റിൽ ചവിട്ടേറ്റത്. അറസ്റ്റിലായവർ നിരവധി കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.

 

 

 

 

Share news