ഫറോക്കിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു

കോഴിക്കോട് മീഞ്ചന്ത – രാമനാട്ടുകര പാതയിൽ ഫറോക്ക് പുതിയ പാലത്തിൽ രണ്ടു കാറുകളും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കാറോടിച്ചിരുന്ന മലപ്പുറം കൊണ്ടോട്ടി തുറക്കൽ കറുത്തേടത്ത് മംഗലത്ത് വീട്ടിൽ മുഹമ്മദ് ബഷീർ (59) ആണ് മരിച്ചത്. അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തിരുന്ന ഭാര്യ കദീജയെ (56) ഗുരുതര പരിക്കുകളോടെ കോഴിക്കോട് സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റ ബസ് യാത്രികരെ ചെറുവണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബസ് യാത്രക്കാരായ കൊണ്ടോട്ടി ഐക്കരപ്പടി സ്വദേശി പി ബാലകൃഷ്ണൻ നായർ (63), രാമനാട്ടുകര സ്വദേശി മഹേഷ് കുമാർ (47) എന്നിവർ ഉൾപ്പെടെ ഏതാനും പേരാണ് ചെറുവണ്ണൂർ സ്വകാര്യാശുപത്രിയിൽ ചികിത്സ തേടിയത്. വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെയാണ് സംഭവം. മീഞ്ചന്ത ഭാഗത്തു നിന്നും രാമനാട്ടുകര ഭാഗത്തേക്കു വരികയായിരുന്ന രണ്ടു കാറുകളും പാലക്കാട്ടു നിന്നും കോഴിക്കോട്ടേക്കു വരികയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും തമ്മിലിടിച്ചാണ് അപകടം. മീഞ്ചന്ത നിലയത്തിലെ അഗ്നി രക്ഷ വിഭാഗവും ഫറോക്ക്, നല്ലളം പൊലീസും സ്ഥലത്തെത്തി ക്രയിൻ ഉപയോഗിച്ച് അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

