KOYILANDY DIARY

The Perfect News Portal

പമ്പ്‌ഡ്‌ സ്‌റ്റോറേജ്‌ സംവിധാനവുമായി കെഎസ്‌ഇബി; പുനരുപയോഗ വൈദ്യുതിയിലൂടെ ഊർജ സ്വയംപര്യാപ്‌തത

തിരുവനന്തപുരം: ജലവൈദ്യുത പദ്ധതികളിലെ ഉൽപ്പാദനശേഷമുള്ള ജലം പുനരുപയോഗിച്ച്‌ വീണ്ടും വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള ‘പമ്പ്‌ഡ്‌ സ്‌റ്റോറേജ്‌’ സംവിധാനം സംസ്ഥാനത്ത്‌ നടപ്പാക്കും. ആദ്യഘട്ടത്തിൽ 180 മെഗാവാട്ട്‌ സ്ഥാപിതശേഷി വർധിപ്പിക്കാനാകുന്ന 753 കോടി രൂപയുടെ പമ്പ്‌ഡ്‌ സ്‌റ്റോറേജ്‌ സംവിധാനം ആരംഭിക്കാനാണ്‌ കെഎസ്‌ഇബിയുടെ ആലോചന. നിർദേശം സർക്കാരിന്‌ കൈമാറി. നിലവിലുള്ള ജലസംഭരണികൾക്ക് സമീപം അധികസംഭരണ സൗകര്യങ്ങൾ സജ്ജീകരിച്ചാകും വൈദ്യുതി ഉൽപ്പാദനം.

വയനാട് കാരാപ്പുഴ ജലസംഭരണിയുടെ ഭാഗമായി മഞ്ഞപ്പാറയിലും (30 മെഗാവാട്ട്‌) ഇടുക്കി പൊൻമുടി ജലസംഭരണിയുടെ ഭാഗമായി മുതിരപ്പുഴയിലുമാണ്‌ (100 മെഗാവാട്ട്‌) ആദ്യഘട്ടത്തിൽ നടപ്പാക്കുക. ജലസംഭരണികളിൽനിന്ന്‌ വൈദ്യുതി ഉൽപ്പാദനത്തിന്റെ ഭാഗമായി താഴോട്ട്‌ ഒഴുക്കിയ ജലം സോളാർ വൈദ്യുതി ഉപയോഗിച്ച്‌ മുകളിലേക്ക്‌ വീണ്ടും പമ്പ്‌ ചെയ്‌താണ്‌ ജലത്തിന്റെ പുനരുപയോഗം സാധ്യമാക്കുക. പകൽ കുറഞ്ഞ നിരക്കിൽ കിട്ടുന്ന സൗരോർജം ഉപയോഗിച്ചാകും പമ്പിന്റെ പ്രവർത്തനം. 

 

രാത്രി ഉയർന്ന ഉപയോഗ സമയത്ത്‌ വൈദ്യുതി ഉൽപ്പാദനം നടക്കുമെന്നതാണ്‌ പമ്പ്‌ഡ്‌ സ്‌റ്റോറേജിനെ ആകർഷകമാക്കുന്നത്‌. നിലവിൽ രാത്രിസമയങ്ങളിലെ ഉയർന്ന ആവശ്യകത നിറവേറ്റാൻ ആഭ്യന്തര ഉൽപ്പാദനത്തിനു പുറമെയുള്ള വൈദ്യുതി വലിയനിരക്കിലാണ്‌ കെഎസ്‌ഇബി പുറത്തുനിന്ന്‌ വാങ്ങുന്നത്‌. പമ്പ്‌ഡ്‌ സ്‌റ്റോറേജ്‌ സംവിധാനം കൂടുതൽ വിപുലമാക്കാനായാൽ രാത്രി കുറഞ്ഞ നിരക്കിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാനാകും. ‌

Advertisements

 

ആദ്യഘട്ടം വിജയകരമായാൽ ഇടുക്കി (700 മെഗാവാട്ട്), പള്ളിവാസൽ (600 മെഗാവാട്ട്) എന്നിവയുൾപ്പെടെ സംസ്ഥാനത്ത്‌ ഒമ്പത് ഇടങ്ങളിൽ പമ്പ്‌ഡ്‌ സ്‌റ്റോറേജ്‌ സംവിധാനം ആരംഭിക്കും. പുനരുപയോഗ വൈദ്യുതിയിലൂടെ ഊർജസ്വയം പര്യാപ്‌തത നേടാനുള്ള ലക്ഷ്യത്തിലേക്ക്‌ സംസ്ഥാനം കുതിക്കുമ്പോൾ പമ്പ്‌ഡ്‌ സ്‌റ്റോറേജ്‌ സംവിധാനം നിർണായക ചുവടുവയ്‌പാകും.