KOYILANDY DIARY.COM

The Perfect News Portal

രാജ്യത്തെ സുരക്ഷിതനഗരങ്ങളുടെ പട്ടികയിൽ കോഴിക്കോടിന് പത്താം സ്ഥാനം

കോഴിക്കോട്‌: രാജ്യത്തെ സുരക്ഷിതനഗരങ്ങളുടെ പട്ടികയിൽ കോഴിക്കോടിന് പത്താം സ്ഥാനം. 2022ലെ നാഷണൽ ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോ റിപ്പോർട്ടിലാണ്‌ കോഴിക്കോട്‌ പത്താം സ്ഥാനം നേടിയത്‌. സാഹിത്യ നഗരിയായി തെരഞ്ഞെടുക്കപ്പെട്ടതിന്‌ പിറകെയാണ്‌ അംഗീകാരം. ടൂറിസം മേഖലയിൽ അതിവേഗം കുതിക്കുന്ന ജില്ലക്ക്‌ സുരക്ഷിതനഗര പദവി മുതൽക്കൂട്ടാവും. 

ഇരുപതുലക്ഷത്തിലധികം ജനസംഖ്യയുള്ള 19 നഗരങ്ങളിൽ നടത്തിയ പഠനത്തെ ആസ്‌പദമാക്കിയുള്ള റാങ്കിങ്ങാണ്‌ പുറത്തുവിട്ടത്. കൊൽക്കത്തയാണ്‌ ഒന്നാമത്‌. പുണെ (മഹാരാഷ്ട്ര), ഹൈദരാബാദ് (തെലങ്കാന) എന്നിവ രണ്ടും മൂന്നും സ്ഥാനം നേടി. കുറ്റകൃത്യങ്ങളുടെ എണ്ണം, കേസ്‌ രജിസ്‌റ്റർ ചെയ്യൽ, അറസ്‌റ്റ്, കുറ്റപത്രം സമർപ്പിക്കൽ, വിചാരണ പൂർത്തിയാക്കൽ എന്നീ മാനദണ്ഡങ്ങളാണ്‌ പ്രധാനമായും പരിഗണിക്കുന്നത്‌.

 

ഒരു ലക്ഷം പേരിൽ എത്ര പേർ  കുറ്റകൃത്യത്തിന്‌ ഇരയാകുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്‌ സൂചിക നിർണയിക്കുന്നത്‌. സൈബർ കുറ്റകൃത്യങ്ങൾ, കൊള്ളയടിക്കൽ, ലൈംഗിക ചൂഷണം, ആത്മഹത്യാ നിരക്ക്, സ്‌ത്രീകൾക്കും കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും പട്ടികജാതി-–-വർഗക്കാർക്കെതിരായ അതിക്രമങ്ങൾ, പാരിസ്ഥിതിക കുറ്റകൃത്യങ്ങൾ എന്നിവയും കണക്കിലെടുക്കുന്നു.

Advertisements

 

കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ കോഴിക്കോട്‌ വളരെ പിറകിലാണ്‌. 2022ൽ 11,589 കേസുകളാണ്‌ രജിസ്‌റ്റർ ചെയ്‌തത്‌. ഡൽഹിയിൽ ഇത്‌ 3,18,555 ആണ്‌. ഏഴ്‌ പേരാണ്‌ കൊല്ലപ്പെട്ടത്‌. ഡൽഹിയിൽ ഇത്‌ 501 ആണ്‌. തട്ടിക്കൊണ്ടുപോകൽ (-45), സ്‌ത്രീകൾക്കെതിരായ അതിക്രമം (759), പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരായ അതിക്രമം (26) എന്നിങ്ങനെയാണ്‌ മറ്റു കേസുകൾ.  സാമ്പത്തിക കുറ്റകൃത്യങ്ങളിലും കോഴിക്കോട്‌ പിറകിലാണ്‌.

 

ആകെ 191 കേസാണ്‌ രജിസ്‌റ്റർ ചെയ്‌തത്‌ (9.4%). 176 പേരെ അറസ്‌റ്റ്‌ ചെയ്‌തു. 240 പേർക്കെതിരെ കുറ്റപത്രം നൽകി. 45 സൈബർ കുറ്റകൃത്യങ്ങളാണ്‌ നടന്നത്‌ (2.2%). പട്ടികവർഗങ്ങൾക്കെതിരെയുള്ള അതിക്രമത്തിലും ഏറ്റവും പിറകിലാണ്‌ ജില്ല (27). ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ ഇത്‌ 420 ഉം കാൺപുരിൽ 376 ഉം ആണ്‌. പട്ടികവർഗത്തിനെതിരായ ആക്രമണത്തിൽ മൂന്ന്‌ കേസുകൾ മാത്രമാണ്‌ റിപ്പോർട്ട്‌ ചെയ്‌തത്‌.

Share news