വിദ്യാർത്ഥി പ്രസ്ഥാനത്തിന് കരുത്ത് പകർന്ന് കോഴിക്കോട് മഹാറാലി

കോഴിക്കോട്: സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ ഐതിഹാസിക പോരാട്ടങ്ങൾക്ക് വേദിയായ കോഴിക്കോടിന്റെ മണ്ണിൽ വിദ്യാർത്ഥി പ്രസ്ഥാനത്തിന് കരുത്ത് പകർന്ന് മഹാറാലിയോടെ എസ്എഫ്ഐ 18-ാം അഖിലേന്ത്യസമ്മേളനത്തിന് സമാപനമായി. മലബാർ ക്രിസ്ത്യൻ കോളേജ് പരിസരത്ത് നിന്നാരംഭിച്ച റാലിയിൽ കാൽലക്ഷം വിദ്യാർത്ഥികൾ അണിനിരന്നു. കടപ്പുറത്തെ കെ വി സുധീഷ് നഗറിൽ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

രൂപീകരണം മുതൽ രാജ്യത്തെ വിദ്യാർത്ഥി പ്രശ്നങ്ങളിൽ ജാഗ്രതയോടെ ഇടപെടാൻ എസ്എഫ്ഐക്കായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാലത്തും എസ്എഫ്ഐയ്ക്ക് വലിയ ഉത്തരവാദിത്വം നിർവഹിക്കാനുണ്ട്. ഒരുഭാഗത്ത് വിദ്യാഭ്യാസ സമ്പ്രദായം കാവിവൽകരിക്കാൻ ശ്രമിക്കുന്നു, ചരിത്രം തിരുത്തിയെഴുതുന്നു. മറ്റൊരുഭാഗത്ത് രാജ്യത്തിന്റെ നിലനിൽപ്പ് തന്നെ അപകടപ്പെടുത്തുന്ന നടപടികൾ സ്വീകരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് കടപ്പുറത്തിന് സമീപത്തെ ആസ്‌പിൻ കോർട്ട്‌യാർഡിൽ (സീതാറാം യെച്ചൂരി, നേപ്പാൾദേവ് ഭട്ടാചാര്യ മഞ്ച്) ചേർന്ന സമ്മേളനം ഞായറാഴ്ച എസ്‌എഫ്‌ഐ പ്രസിഡന്റായി ആദർശ് എം സജിയെയും ജനറൽ സെക്രട്ടറിയായി ശ്രീജൻ ഭട്ടാചാര്യയെയും തെരഞ്ഞെടുത്തു. സുഭാഷ് ജാക്കർ, ടി നാഗരാജു, രോഹിദാസ് യാദവ്, സത്യേഷ ലെയുവ, ശിൽപ സുരേന്ദ്രൻ, പ്രണവ് ഖാർജി, എം ശിവപ്രസാദ്, സി മൃദുല (വൈസ് പ്രസിഡന്റുമാർ), ഐഷെ ഘോഷ്, ജി അരവിന്ദ സാമി, അനിൽ താക്കൂർ, കെ പ്രസന്നകുമാർ, ദേബാഞ്ജൻ ദേവ്, പി എസ് സഞ്ജീവ്, ശ്രീജൻ ദേവ്, മുഹമ്മദ് ആതിഖ് അഹമ്മദ് (ജോ. സെക്രട്ടറിമാർ) എന്നിവരടങ്ങിയ സെക്രട്ടറിയറ്റിനെയും 87 അംഗ കേന്ദ്ര എക്‌സിക്യൂട്ടീവിനെയും പതിനെട്ടാം അഖിലേന്ത്യാ സമ്മേളനം തെരഞ്ഞെടുത്തു.

27ന് മാധ്യമപ്രവർത്തകൻ ശശികുമാർ, നാടകപ്രവർത്തകൻ എം കെ റെയ്‌ന എന്നിവർ ചേർന്നാണ് പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്‌തത്. വിദ്യാർത്ഥികളുടെ അവകാശപ്പോരാട്ടത്തിനിടയിൽ രക്തസാക്ഷികളായ 122 രണധീരരുടെ സ്‌മൃതിമണ്ഡപത്തിൽനിന്ന് കൊണ്ടുവന്ന പതാകകൾ സമ്മേളനനഗരിയിലുയർന്നു. വിദ്യാഭ്യാസ മേഖലയുടെ കമ്പോളവൽക്കരണത്തിനും ഗവർണർമാരെ ഉപയോഗിച്ച് ഉന്നത വിദ്യാഭ്യാസമേഖലയെ കാവിവൽക്കരിക്കാനുമുള്ള നീക്കങ്ങൾക്കുമെതിരെ രാജ്യത്തെ വിദ്യാർത്ഥികൾ നടത്തുന്ന പോരാട്ടങ്ങൾക്ക് ദിശാബോധമേകുന്ന തീരുമാനങ്ങളാണ് മൂന്നുദിവസമായി പലസ്തീൻ– സോളിഡാരിറ്റി നഗറിലെ സീതാറാം യെച്ചൂരി, നേപ്പാൾ ദേവ് ഭട്ടാചാര്യ മഞ്ചിൽ നടന്ന സമ്മേളനം കൈക്കൊണ്ടത്.

‘വിദ്യാഭ്യാസം അവകാശമാണ്, ഐക്യമാണ് വഴി, ബഹുസ്വരതയാണ് കരുത്ത്’ എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ച സമ്മേളനം രാജ്യത്തെ വിദ്യാഭ്യാസമേഖലയെ ബാധിക്കുന്ന വിഷയങ്ങൾ ചർച്ചചെയ്‌തു. വിദ്യാഭ്യാസത്തിൻ്റെ മതവൽക്കരണത്തിനും കോർപറേറ്റ് വൽക്കരണത്തിനും എതിരെ അതിശക്തമായ പ്രക്ഷോഭങ്ങൾക്കും സമ്മേളനം രൂപം നൽകി.
