KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് വയോധികയ്ക്ക് നേരെ ഓട്ടോ ഡ്രൈവറുടെ ആക്രമണം

കോഴിക്കോട്: കോഴിക്കോട് ബസ് സ്റ്റാൻഡിലേക്ക് പോകാനായി ഓട്ടോയിൽ കയറിയ വയോധികയെ ഓട്ടോ ഡ്രൈവർ ആക്രമിച്ച് സ്വർണം കവർന്നു. വയനാട് ഇരുളം സ്വദേശി ജോസഫീനാണ് ആക്രമണത്തിനിരയായത്. ഓട്ടോറിക്ഷയിൽനിന്ന് തള്ളിയിട്ടതിനെത്തുടർന്ന് താടിയെല്ലിനും പല്ലുകൾക്കും പരിക്കേറ്റ ജോസഫീനയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവറെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇന്ന് പുലർച്ചെ അഞ്ചോടെയാണ് സംഭവം. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് പോകാനായാണ് ജോസഫീന ഓട്ടോയിൽ കയറിയത്. കായംകുളത്തു നിന്നും 4.50ഓടെയാണ് കോഴിക്കോട്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന വനിതാ യാത്രക്കാർ ഭക്ഷണം കഴിക്കാൻ കയറിയതോടെ ജോസഫീന ഒറ്റയ്ക്ക് നടന്നു. തുടർന്ന് സ്റ്റാൻഡിലേക്ക് പോകാനായി ഓട്ടോയിൽ കയറുകയായിരുന്നു.

 

എന്നാൽ പറഞ്ഞ വഴിയിലൂടെയല്ലാതെ മറ്റു വഴികളിലൂടെയാണ് ഡ്രൈവർ കൊണ്ടുപോയത്. മുതലക്കുളം ജങ്ഷനിലെത്തിയപ്പോൾ റോഡരികിലേക്ക് ഓട്ടോ അടുപ്പിച്ച് കഴുത്തിലെ സ്വർണമാല പൊട്ടിച്ചശേഷം ഇവരെ പുറത്തേക്ക് തള്ളിയിടുകയായിരുന്നു. ജോസഫീന റോഡിലേക്ക് വീണയുടൻ ഓട്ടോറിക്ഷ മാനാഞ്ചിറ ഭാഗത്തേക്ക് യാത്രതുടർന്നു.

Advertisements

 
വീഴ്ചയിൽ പരിക്കേറ്റ ജോസഫീന പുലർച്ചെ റോഡിൽ മഴ നനഞ്ഞ് ഒരു മണിക്കൂറോളം കിടന്നിട്ടും അതുവഴി വന്നവർ സഹായിച്ചില്ലെന്നും പറയുന്നു. ശേഷം അര കിലോമീറ്ററോളം നടന്ന് ബസിൽ കയറി സഹോദരന്റെ വീട്ടിലെത്തിയ ശേഷമാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. വീഴ്ചയിൽ ഇവരുടെ താടിയെല്ലിനും കൈമുട്ടിനും പരിക്കേറ്റിട്ടുണ്ട്.

Share news