KOYILANDY DIARY

The Perfect News Portal

കോഴിക്കോട് കലക്ടർ എ. ഗീത ചുമതലയേറ്റു

കോഴിക്കോട്‌ കലക്ടർ എ. ഗീത ചുമതലയേറ്റു.. പൊതുജനങ്ങൾക്കായി ഓഫീസിന്റെ വാതിലുകൾ തുറന്നു കിടക്കുമെന്ന്‌ പുതുതായി ചുമതലയേറ്റ കലക്ടർ എ ഗീത പറഞ്ഞു. എല്ലാവർക്കും സമീപിക്കാവുന്ന ഉദ്യോഗസ്ഥയായി പ്രവർത്തിക്കാനാണ്‌ ആഗ്രഹം. വയനാട്ടിലേതുപോലെ ടീം വർക്കിലൂടെ കാര്യങ്ങൾ നിർവഹിക്കാനാണ്‌ താൽപ്പര്യം. കലക്ടർക്ക്‌ ഒറ്റയ്‌ക്ക്‌ ഒന്നും ചെയ്യാനാവില്ല. ഉദ്യോഗസ്ഥരുടേത്‌ ഉൾപ്പെടെ എല്ലാവരുടെയും പിന്തുണവേണം.
എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചുള്ള പ്രവർത്തനരീതി കൊണ്ടുവരും.
പൊതുജനങ്ങൾക്ക്‌ സന്ദർശനത്തിന്‌ സൗകര്യപ്രദമായ സമയം തീരുമാനിക്കും. മാലിന്യം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഫലപ്രദമായ പരിഹാരങ്ങൾക്ക്‌ ശ്രമിക്കും. ഞെളിയൻപറമ്പ്‌ ഉൾപ്പെടെ സന്ദർശിച്ച്‌ കാര്യങ്ങൾ മനസ്സിലാക്കും. മഴക്കാലമെത്തും മുമ്പ്‌ മാലിന്യപ്രശ്‌നം പരിഹരിക്കണം.
Advertisements
കൽപ്പറ്റയിലെ മാലിന്യസംസ്‌കരണ രീതി മാതൃകയാണ്‌. ദേശീയപാതാ വികസനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വേഗത്തിലുള്ള നടപടിക്ക്‌ ശ്രമിക്കും. ചുരത്തിലെ ഗതാഗതക്കുരുക്ക്‌ പരിഹരിക്കാൻ  ഭാരവണ്ടികൾക്ക്‌ തിരക്കുള്ള സമയങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തും. താമരശേരിയിൽ വണ്ടികളുടെ ഭാര പരിശോധനയ്‌ക്ക്‌ സംവിധാനം ഏർപ്പെടുത്താൻ ആലോചിക്കുന്നു. നിയന്ത്രണം ആരെയും ബുദ്ധിമുട്ടിക്കാനല്ല. സുഗമമായ യാത്ര ഉറപ്പാക്കാനാണ്‌. കലക്ടർ പറഞ്ഞു.  സബ്‌ കലക്ടർ ചെൽസ സിനി, ജില്ലാ വികസന ഓഫീസർ മാധവിക്കുട്ടി, എഡിഎം സി മുഹമ്മദ്‌ റഫീഖ്‌ എന്നിവർ സന്നിഹിതരായിരുന്നു.