KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് – ബേപ്പൂർ സ്പീഡ് ബോട്ട് സർവീസ് തുടങ്ങി

.

ബേപ്പൂർ: കോഴിക്കോടിനെയും ബേപ്പൂരിനെയും ബന്ധിപ്പിച്ചുള്ള സ്പീഡ് ബോട്ട് സര്‍വീസിന്റെ ഉദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. കോഴിക്കോടിന്റെ വിനോദസഞ്ചാര മേഖലയില്‍ സ്പീഡ് ബോട്ട് യാത്ര പുതിയ അനുഭവമാകുമെന്ന് മന്ത്രി പറഞ്ഞു. മലബാറിന്റെ കടല്‍ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് സര്‍വീസ് ആരംഭിക്കുന്നത്. ജില്ലയിലാകെ പദ്ധതി വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കും. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ബോട്ട് യാത്ര മികച്ച അനുഭവമായിരിക്കും. ഭാവിയില്‍ കൂടുതല്‍ സൗകര്യങ്ങളുള്ള സര്‍വീസ് നടത്തുമെന്നും മന്ത്രി കൂട്ടിചേർത്തു.

കോഴിക്കോട് – ബേപ്പൂര്‍ റൂട്ടില്‍ ആദ്യമായാണ് ബോട്ട് സര്‍വീസ് ആരംഭിക്കുന്നത്. ഒരു ബോട്ടില്‍ 13 പേര്‍ക്ക് യാത്ര ചെയ്യാം. മിതമായ വേഗത്തില്‍ 15 മിനിറ്റ് കൊണ്ട് കോഴിക്കോട് ബീച്ചില്‍നിന്ന് ബേപ്പൂരിലെത്താം. വിവിധ പാക്കേജുകള്‍ തെരഞ്ഞെടുത്ത് യാത്ര ചെയ്യാനുള്ള സൗകര്യവുമുണ്ട്. എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും സഞ്ചാരികള്‍ക്കായി ബോട്ടില്‍ ഒരുക്കിയിട്ടുണ്ട്. സിറ്റി പോലീസ് കമീഷണര്‍ ടി നാരായണന്‍, കെടിഐഎല്‍ ചെയര്‍മാന്‍ എസ് കെ സജീഷ്, പോര്‍ട്ട് ഓഫീസര്‍ ഹരി അച്യുത വാര്യര്‍, ഡിടിപിസി സെക്രട്ടറി ടി നിഖില്‍ ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisements

 

Share news