KOYILANDY DIARY

The Perfect News Portal

യുനെസ്‌കോയുടെ സാഹിത്യനഗരം പദവി കൈവരിച്ച ആദ്യ ഇന്ത്യൻ നഗരമായി കോഴിക്കോട്

കോഴിക്കോട്‌: യുനെസ്‌കോയുടെ സാഹിത്യനഗരം പദവി കൈവരിച്ച ആദ്യ ഇന്ത്യൻ നഗരമായി കോഴിക്കോടിനെ അടുത്തയാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കും. സാഹിത്യനഗരമെന്ന വിശേഷണം ചേർത്താണ്‌ ലോകം ഇനി കോഴിക്കോടിനെ വിളിക്കുക. മലയാളത്തിലെ ആദ്യനോവലായ കുന്ദലത പിറന്ന ദേശം സമ്പന്നമായ സാഹിത്യ സാംസ്‌കാരിക പൈതൃകത്തിന്റെ കരുത്തിലാണ്‌ വിഖ്യാതപദവി കൈവരിച്ചത്‌. ലോകമെമ്പാടുമുള്ള 53 സാഹിത്യനഗരികൾക്കൊപ്പമാണ്‌ കോഴിക്കോടിന്റെ പേരും അടയാളപ്പെടുത്തുക. 10 ഏഷ്യൻ നഗരങ്ങളാണ്‌ സാഹിത്യനഗരം പട്ടികയിൽ ഇടം നേടിയിട്ടുള്ളത്‌.  

Advertisements

എഴുത്തിനോടും കലകളോടുമുള്ള അഭിനിവേശം കോഴിക്കോടിന്റെ ഭൂതകാലത്തിലും വർത്തമാനത്തിനുമുണ്ട്‌. ഇവിടെ സാഹിത്യവും സംഗീതവും കലയും എല്ലാവരുടേതുമാണ്‌. എഴുത്തുകാരെ, കലാകാരന്മാരെ, പാട്ടുകാരെ ഇത്രത്തോളം ഹൃദയവായ്‌പോടെ പുൽകുന്ന മറ്റൊരു ദേശവുമില്ല.  137 വർഷം മുമ്പായിരുന്നു കോഴിക്കോട്ടുകാരനായ അപ്പു നെടുങ്ങാടി കുന്ദലത രചിച്ചത്‌. മലയാളത്തിന്‌ നോവൽ എന്ന സാഹിത്യരൂപം അപരിചിതമായ കാലത്താണിത്‌. എണ്ണിപ്പറഞ്ഞാൽ തീരാത്തത്ര സവിശേഷതകളുണ്ട്‌ ഈ സത്യനഗരത്തിന്‌.

 

വിശ്വസഞ്ചാരിയായ എസ്‌ കെ പൊറ്റെക്കാട്ടിന്റെ ജന്മദേശവും രണ്ടാമൂഴവും കാലവുമൊക്കെ സമ്മാനിച്ച എം ടിയുടെ തട്ടകവുമാണിവിടം. ബഷീറും കക്കാടും എൻ പി മുഹമ്മദും തിക്കോടിയനും യു എ ഖാദറും പുനത്തിലും വത്സലയും പി എ മുഹമ്മദ്‌ കോയയും പോലെ എണ്ണിയാലൊടുങ്ങാത്ത അക്ഷരജാലക്കാരുടെ എഴുത്തിടം. പുതിയ കാലത്തും കലയോടും സാഹിത്യത്തോടുമുള്ള ഇഴയടുപ്പം കൈവിടുന്നില്ല ഈ നഗരം.

Advertisements

 

സാഹിത്യോത്സവ പന്തലിനരികെ എഴുത്തുകാരൻ ഒപ്പുചാർത്തിയ പുസ്‌തകത്തിനായി ഉച്ചവെയിലിലും വരിനിൽക്കുന്ന  ജനസഞ്ചയം കോഴിക്കോടൻ കാഴ്‌ചയാണ്‌.  സാഹിത്യനഗരമെന്ന പദവി, പാശ്‌ചാത്യ സാഹിത്യനഗരങ്ങളുടെ മാതൃകയിൽ സർഗാത്മക സമ്പദ്‌വ്യവസ്ഥയ്‌ക്കുള്ള സാധ്യത തുറക്കും. സാഹിത്യനഗരത്തെ അധികരിച്ചുള്ള ജീവിതോപാധികളുടെ വികസനമെന്ന ലക്ഷ്യത്തോടെയാണിതെന്ന്‌ കില പ്രതിനിധി ഡോ. അജിത്ത്‌ കാളിയത്ത്‌ പറഞ്ഞു.

 

ബഹുമുഖ പരിപാടികൾ

സാഹിത്യവുമായി ബന്ധമുള്ള സ്ഥലങ്ങൾ കൂട്ടിയിണക്കിയുള്ള ലിറ്റററി സർക്യൂട്ടാണ്‌ ഇതിൽ പ്രധാനം. സാഹിത്യമ്യൂസിയം, ലോകമെമ്പാടുമുള്ള എഴുത്തുകാർക്ക്‌ താമസിച്ച്‌ സാഹിത്യരചന നടത്താനുള്ള എഴുത്തുപുരകൾ, ലൈബ്രറികളുടെ നവീകരണം, തെരുവുകളിൽ വായന ഇടങ്ങൾ, ലിറ്ററേച്ചർ ഫെസ്‌റ്റ്‌, എഴുത്തുകാരുടെ ഒത്തുചേരലുകൾ തുടങ്ങിയവ ഇതിൽ ചിലതുമാത്രം. സാഹിത്യനഗരം പദവിക്കായുള്ള സർഗാത്മക പ്രവർത്തനങ്ങൾക്ക്‌ കോഴിക്കോട്‌ കോർപറേഷൻ ഒരു കോടി രൂപയാണ്‌ വകയിരുത്തിയത്‌. കിലയുടെയും എൻഐടിയുടെയും സഹകരണത്തോടെ കോർപറേഷൻ  നടത്തിയ പരിശ്രമങ്ങൾക്കൊടുവിലാണ്‌ സാഹിത്യനഗരം പദവി.