കോഴിക്കോട് എ കെ ജി മേൽപ്പാലവും നവീകരിക്കുന്നു: ടെൻഡർ ഉടൻ

കോഴിക്കോട് സി എച്ച് മേൽപ്പാലത്തിന് പിന്നാലെ നഗരത്തിലെ പ്രധാന മേൽപ്പാലമായ എ കെ ജി മേൽപ്പാലവും നവീകരിക്കുന്നു. നഗരത്തിലേക്ക് ചരക്കുവാഹനങ്ങൾ ഉൾപ്പെടെ എത്തുന്ന പ്രധാനപാലമാണിത്. പാലം നവീകരണത്തിനായി 3.015 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. സാങ്കേതിക അനുമതി ലഭിക്കുന്നതോടെ ടെൻഡർ നടപടികളാവും.

വലിയങ്ങാടിയിലേക്കുള്ള ഭാരവാഹനങ്ങൾ ഉൾപ്പെടെ കടന്നുപോകുന്നതാണ് ഫ്രാൻസിസ് റോഡിലെ പാലം. പുഷ്പ ജങ്ഷനിൽനിന്ന് ഫ്രാൻസിസ് റോഡിലേക്ക് ചേരുന്നിടത്താണ് പാലം. 1986ലാണ് മേൽപ്പാലത്തിന് തറക്കല്ലിട്ടത്. 267 മീറ്ററാണ് നീളം. ചരക്കുവാഹനങ്ങൾ നിരന്തരം കടന്നുപോകുന്ന പാലത്തിന് ബലക്ഷയമുണ്ടെന്ന് 2021ൽ കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കണ്ടെത്തിയിരുന്നു.
സി എച്ച് മേൽപ്പാലം മാതൃകയിൽ തുരുമ്പ് നീക്കി കാഥോഡിക് പ്രൊട്ടക്ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചാവും നവീകരണം. കൈവരികൾ പുനർനിർമിക്കും. തുണുകൾ ബലപ്പെടുത്തും. സി എച്ച് മേൽപ്പാലം നവീകരണം പുരോഗമിക്കുകയാണ്. കാഥോഡിക് പ്രൊട്ടക്ഷൻ രീതിയിലുള്ള നവീകരണത്തിലൂടെ പാലത്തിന്റെ ആയുസ്സ് 20 വർഷംവരെ നീട്ടിയെടുക്കാനാകും. ബലപ്പെടുത്തിയ പാലങ്ങൾ സൗന്ദര്യവൽക്കരിക്കും.
