KOYILANDY DIARY.COM

The Perfect News Portal

അന്തരിച്ച എംഎൽഎ കാനത്തിൽ ജമീലയ്ക്ക് കൊയിലാണ്ടിയുടെ യാത്രാമൊഴി

കൊയിലാണ്ടി: അന്തരിച്ച എംഎൽഎ കാനത്തിൽ ജമീലയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ കൊയിലാണ്ടിയിലേക്ക് ഒഴുകിയെത്തി. ഇന്ന് രാവിലെ കോഴിക്കോട് സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനുവെച്ചശേഷം പുഷ്പാലംകൃതമായ കെഎസ്ആർടിസി ബസിൽ വിലാപയാത്രയായാണ് മൃതദേഹം 10.40ന് തന്നെ കൊയിലാണ്ടി ടൌൺഹാളിൽ എത്തിച്ചത്. ടൌൺഹാളിനു പുറത്ത് വലിയ പന്തലൊരുക്കി പൊതുജനങ്ങൾക്ക് കാണാനുള്ള വിപുലമായി സൌകര്യം ഒരുക്കിയിരുന്നു.

പ്രിയ സഖാവിനെ കാണാൻ നാടിൻ്റെ നാനാ ഭാഗത്തുനിന്നും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വൻ ജനാവലിയാണ് ടൌൺഹാളിലേക്ക് ഒഴുകിയെത്തിയത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കാനത്തിൽ ജമീല വിടപറഞ്ഞത്. അർബുദബാധയെ തുടർന്ന് കഴിഞ്ഞ കുറേ മാസങ്ങളായി ചികിത്സയിലായിരുന്നു. ആരംഭഘട്ടത്തിൽ ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു ചികിത്സ നടത്തിയത്. നാട്ടിലേക്ക് തിരിച്ച ശേഷം കോഴിക്കോട് മൈത്ര ഹോസ്പിറ്റലിലും ചികിത്സ തുടർന്നു.

അതിനിടെ കഴിഞ്ഞമാസം കൊയിലാണ്ടി നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൻ്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നു. അസുഖംഭേദമായി തിരിച്ചവരുമെന്ന നാടിൻ്റെ പ്രതീക്ഷ അസ്ഥാനത്താക്കിയാണ് അപ്രതീക്ഷിതമായി കാനത്തിൽ ജമീല നാടിനോട് വിടപറഞ്ഞത്. പൊതുരംഗത്ത് വന്നശേഷം മത്സരിച്ച തെരഞ്ഞെടുപ്പുകളിലെല്ലാം വിജയക്കൊടിപാറിച്ച് 25 വർഷത്തിലേറെ ജനപ്രതിനിധിയായും ഭരണാധികാരിയായും മികച്ച പ്രവർത്തനമായിരുന്നു ജമീല നടത്തിയത്. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ടായും മികച്ച പ്രവർത്തനം നടത്തി.

Advertisements

നിയമസഭാംഗം എന്ന നിലയിൽ നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങൾ എടുത്ത് പറയേണ്ടതാണ്. കൊയിലാണ്ടിയുടെ ശബ്ദം സംസ്ഥാന നിയമസഭയിൽ മുഴങ്ങികേൾപ്പിച്ച് നടത്തിയ പ്രസംഗംങ്ങൾ ഏറെ ശ്രദ്ധപിടിച്ചുപറ്റി. അതിൽ ഏറെയും സ്ത്രീകൾക്കുവേണ്ടി നടത്തിയ ഇടപെടൽ മറക്കാൻ കഴിയാത്ത അനുഭവങ്ങളാണ് സമ്മാനിച്ചത്. മണ്ഡലത്തിലെ ഓരോ മുക്കിലും മൂലയിലും വികസനം എത്തിക്കാൻ കഴിഞ്ഞത് പ്രതിപക്ഷത്തിൻ്റെ അടക്കം പ്രസംസക്ക് വിധേയമായിട്ടുണ്ട് എന്നത് എടുത്തുപറയേണ്ടതാണ്. ഉച്ചക്ക് 12.30ന് മൃതദേഹം വഹിച്ചുള്ള വിലാപയാത്ര സ്വദേശത്തേക്ക് തിരിച്ചപ്പോൾ നൂറുകണക്കിനു പ്രവർത്തകരാണ് മുദ്രാവാക്യംവിളികളോടെയാണ് സഖാവിനെ യാത്രയാക്കിയത്.

ഇടതുമുന്നണി കൺവീനർ ടി.പി രാമകൃഷ്ണൻ എം.എ ൽഎ,  മന്ത്രിമാരായ വീണ ജോർജ്, വി. അബ്ദുറഹിമാൻ, സ്പീക്കർ എ എൻ ഷംസീർ, പി. സതീദേവി, സി. എസ് സുജാത, കുഞ്ഞമ്മദ് മാസ്റ്റർ, കെ.പി കുഞ്ഞമ്മദ് കുട്ടി, മുൻ മന്ത്രി മാത്യു ടി. തോമസ്, സിപിഐഎം ജില്ലാ സെക്രട്ടറി എം. മെഹബൂബ്, കെ.കെ. മുഹമ്മദ്, വി. വസീഫ്,  മുല്ലപ്പള്ളി രാമചന്ദ്രൻ, ഷാഫി പറമ്പിൽ എം.പി, കെ.പി മോഹനൻ, എംഎൽഎ, കെ.കെ ലതിക, കെകെ. രമ എംഎൽഎ, അഡ്വ. കെ പ്രവീൺ കുമാർ, കെ. ദാസൻ, പി. വിശ്വൻ മാസ്റ്റർ, അഡ്വ. എൽ.ജി ലിജീഷ്, ടി.കെ ചന്ദ്രൻ മാസ്റ്റർ, അഡ്വ. കെ. സത്യൻ, മുരളി തോറോത്ത്, തുടങ്ങി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇടതുമുന്നണി നേതാക്കൾ മുൻ എംഎൽഎമാർ, നഗരസഭ പഞ്ചായത്ത് അധ്യക്ഷന്മാർ, പോലീസ് മേധാവികൾ, മറ്റ് ഉദ്യോഗസ്ഥർ ജനപ്രതിനിധികൾ തുടങ്ങി നിരവധി നേതാക്കളും പ്രവർത്തകരും അന്തിമോപചാരമർപ്പിച്ചു.

Share news