കൊയിലാണ്ടി നഗരസഭ അനധികൃത മാലിന്യ നിക്ഷേപം കണ്ടെത്തി. കുറ്റക്കാർക്ക് നോട്ടീസ് നൽകി

കൊയിലാണ്ടി നഗരസഭ 30-ാം വാർഡിൽ അനധികൃത മാലിന്യ നിക്ഷേപം നടത്തിയതിന് കുറ്റക്കാർക്ക് നോട്ടീസ് നൽകി. നഗരസഭയിലെ കോമത്ത്കര ഹൈവേ സൈഡിലായായാണ് അനധികൃത മാലിന്യ നിക്ഷേപം നടത്തിയത്. പ്രദേശവാസികളുടെ പരാതി പ്രകാരം നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ചെരുപ്പ്, ബാഗ്, പ്ലാസ്റ്റിക് കവറുകൾ, ബോട്ടിലുകൾ, പഴകിയ പേപ്പറുകൾ, പഴകിയ തുണി, എന്നിവ പ്ലാസ്റ്റിക് കവറിൽ കെട്ടിയും അല്ലാതെയും നാഷണൽ ഹൈവെയുടെ ഓവുചാലിൽ ചാക്കിൽ കെട്ടിയും അല്ലാതെയും അലക്ഷ്യമായി നിക്ഷേപിച്ചതായി കണ്ടെത്തി.

മാലിന്യങ്ങൾ കെട്ടഴിച്ച് പരിശോധന നടത്തിയതിൽ ലിജീഷ് സിഎൽ, എടുവട്ട്കുന്ന്, മന്ദങ്കാവ്, നടുവണ്ണൂർ എന്നിവരുടെ വീട്ടിൽ നിന്നുള്ള മാലിന്യങ്ങളാണ് നിക്ഷേപിച്ചതെന്ന് ബോധ്യപ്പെട്ടു. കുറ്റക്കാരനെതിരെ 1994 ലെ കേരള മുൻസിപ്പൽ ആക്ട് പ്രകാരവും, 1986 ലെ കേന്ദ്ര പരിസ്ഥിതി സംരക്ഷണ നിയമപ്രകാരവും പിഴ ചുമത്തുകയും പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്നും നഗരസഭാ സെക്രട്ടറി പ്രതീപ് എസ് (KAS) അറിയിച്ചു.

